അടിമാലി .: ആദിവാസി ജന സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന സഹായങ്ങൾ യഥാസമയം വിതരണം നടത്തുന്നില്ലെന്ന് കേരള ട്രൈബൽ ഡവലപ്പ്‌മെന്റ് ഫെഡറേഷൻ പ്രസിഡന്റ് രാജൻ കോലയ്ക്കൽ, സെക്രട്ടറി സജി ഗോപൻ എന്നിവർ പറഞ്ഞു.ലൈഫ് ഭവന പദ്ധതി കരാറുകാരുടെ സഹായത്തോടെ അട്ടിമറിക്കുകയാണ്. മറയൂർ, ചിന്നക്കനാൽ 301 കോളനി എന്നിവിടങ്ങളിൽ മുഖ്യമന്ത്രിമാർ നേരിട്ടെത്തി നൽകിയ പട്ടയങ്ങളുടെ ഭുമി അർഹരായവരിൽ പലർക്കും കൈമാറ്റം നടത്താൻ റവന്യു വകുപ്പ് ഇനിയും നടപടി സ്വീകരിച്ചിട്ടില്ല.
കാട്ടാന ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് ഇതിനെതിരെ നടപടി സ്വീകരിക്കാൻ കൂട്ടാക്കാത്തത് മനുഷ്യ ജീവനുകൾ ഹോമിക്കപ്പെടാൻ കാരണമാണ്. ചിന്നക്കനാലിൽ നിന്ന് പെരിഞ്ചാൻ കുട്ടി പ്ലാന്റേഷനിൽ എത്തി താമസമാക്കിയ ആദിവാസികളുടെ ഭൂപ്രശ്‌നവും പരിഹാരമില്ലാതെ അനന്തമായി നീളുകയാണ്. ആദിവാസി ജന സമൂഹത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അധികൃതർ ക്രിയാത്മക നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.