koottikal

കോട്ടയം: പ്രളയവും ഉരുൾപൊട്ടലും കശക്കിയെറിഞ്ഞ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്ത് പ്രദേശത്തുള്ളവർക്ക് വീട് നിർമിച്ചു നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. വീടിരുന്ന സ്ഥലം പ്രളയത്തിൽ ഒലിച്ചു പോയതിനാൽ പുതിയ സ്ഥലം കണ്ടെത്തണം. വ്യക്തികളും സന്നദ്ധ സംഘടനകളും മുൻ കൈയെടുത്ത് കുറേ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് വീടു നിർമിച്ചു നൽകാനാണ് സർക്കാർ തീരുമാനം. ഉരുൾപൊട്ടലിൽ കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് അറ്റ കുറ്റ പണികൾക്കുള്ള ആദ്യ ഘട്ട പണം സർക്കാർ ആനുവദിച്ചിരുന്നു. വീടുകൾക്ക് ആറ് ലക്ഷം രൂപ വീതം നൽകും.

കൂട്ടിക്കൽ പഞ്ചായത്തിലെ കാവാലി, പറത്താനം പ്രദേശങ്ങളിലായി 15 പേരും കൊക്കയാർ പഞ്ചായത്തിലെ മാക്കൊച്ചിയിൽ ഏഴു പേരും, കൊക്കയാറ്റിൽ ഒരാളുമാണ് മരിച്ചത്. ഇളങ്കാട്ടിൽ ഒരാൾ ഒഴുക്കിൽപ്പെട്ടും മറ്റൊരാൾ കിണറ്റിൽ വീണും മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പളളിയിൽ മഴക്കെടുതിയിൽ ഒരാൾ കുഴഞ്ഞു വീണാണ് മരിച്ചത്. ചെറുതും വലുതുമായ 49 ഓളം പാലങ്ങൾ പ്രളയത്തിൽ ഒഴുകിപ്പോയിരുന്നു . ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിൽ ജനജീവിതം സാധാരണ നിലയിൽ ആയിട്ടില്ല. ഉരുൾ പൊട്ടലിൽ 200 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വീടുകൾ ഒലിച്ചു പോയതിന് പകരം ഉരുൾ പൊട്ടൽ മേഖലയല്ലാത്ത സ്ഥലം കണ്ടെത്തുകയാണ് സർക്കാർ നേരിടുന്ന പ്രധാന പ്രതിസന്ധി. നേരത്തേ താമസിച്ച സ്ഥലത്തു നിന്നു വിട്ടുപോകാനും പലരും താത്പര്യം കാണിക്കുന്നില്ല.

'ഉരുൾപൊട്ടൽ മേഖലയിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ചിലരുടെ ആരോപണം ശരിയല്ല . പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയായിവരുന്നു. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പൂർണമായും നൽകി. വീടുകളുടെ അറ്റ കുറ്റപണികൾക്കും പണം നൽകി. വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടു നിർമിച്ചു നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണ്.'

- സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ