കോട്ടയം : വികസനപാതയിൽ പുത്തൻ നാഴികക്കല്ലിട്ട് കോട്ടയം പോർട്ട്. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 12 കോടിയുടെ ആധുനിക വെയർ ഹൗസും, ബാർജിന്റെയും നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 25,000 സ്‌ക്വയർഫീറ്റുള്ള പുതിയ വെയർഹൗസിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. പോർട്ടിന്റെ കോമ്പൗണ്ടിൽ തന്നെയാണ് വെയർഹൗസ് നിർമ്മിക്കുന്നത്. മൂന്നു മാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിമാർ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്കുമായുള്ള ധാരണ പത്രത്തിന്റെ ഭാഗമായാണ് വെയർഹൗസ് നിർമിക്കുന്നത്. അസിമാർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് നിർമ്മാണം. ഇപ്പോൾ ഉള്ളത് 40,000 സ്‌ക്വയർഫീറ്റിന്റെ വെയർ ഹൗസാണ്. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ കൗൺസിലർ അഡ്വ.ഷീജ അനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ശങ്കരൻകുട്ടി, വാർഡ് കൗൺസിലർ ദീപമോൾ, കൗൺസിലർ അനിൽ കുമാർ, അബി കുെന്നപറമ്പിൽ, അസിമാർ മാനേജിംഗ് ഡയറക്ടർ അനീറ്റ പീറ്റർ എന്നിവർ പങ്കെടുത്തു. കോട്ടയം പോർട്ട് മാനേജിംഗ് ഡയറക്ടർ എബ്രഹാം വർഗീസ് സ്വാഗതവും, ജനറൽ മാനേജർ രൂപേഷ് ബാബു നന്ദിയും പറഞ്ഞു.
ഇന്ത്യയിലെ ഏത് തുറമുഖത്തേയ്ക്കും കയറ്റുമതി
നവീകരണം വരുന്നതോടെ ഇന്ത്യയിലുള്ള ഏതുതുറമുറത്തേക്കും ഇവിടെ നിന്ന് കയറ്റുമതി നടത്താം. 24 കണ്ടെയ്‌നറുകൾ കയറ്റാവുന്ന തരത്തിലുള്ള ബാർജിന്റെ നിർമ്മാണം ഏപ്രിലിൽ ആരംഭിക്കും. ഇതും മൂന്നു മാസംകൊണ്ട് പൂർത്തിയാക്കും. കിൻഫ്രയുടെ പങ്കാളിത്തോടെയാണ് കോട്ടയം പോർട്ടിന്റെ പ്രവർത്തനം. കേരളത്തിലെ ചെറുകിട തുറമുഖങ്ങളിൽ ഇത്രയും കണ്ടെയ്‌നർ വഹിക്കാൻ ശേഷിയുള്ള ആദ്യത്തെ ബാർജ് ആയിരിക്കും കോട്ടയം പോർട്ടിന് സ്വന്തമാകുക.
നിർമ്മാണ ചെലവ് : 12 കോടി
വെയർഹൗസ് : 25,000 സ്‌ക്വയർഫീറ്റ്