nel

കോട്ടയം: നെൽ കർഷകരുടെ ദുരിതത്തിന് ശാശ്വതപരിഹാരമായി കേരള നെല്ലുസംഭരണ, സംസ്‌കരണ, വിപണന സഹകരണസംഘം (കാപ്‌കോസ് ) ഇന്ന് തുടങ്ങും. കുടമാളൂർ സഹകരണബാങ്കിന്റെ പുളിഞ്ചുവടിലുള്ള കെട്ടിടത്തിലാണ് ഓഫീസ്.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി. ജില്ലയിലെ 26 പ്രാഥമിക കാർഷിക സർവീസ് സഹകരണ ബാങ്കുകൾ അംഗങ്ങളായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്ന സംഘം പാലക്കാട് ഒഴികെ എല്ലാ ജില്ലകളിൽ നിന്നും നെല്ല് സംഭരിക്കും. ഓഹരി മൂലധനം 310 കോടി രൂപയാണ്. കർഷകർക്ക് വരുമാനവും സാധാരണക്കാർക്ക് കുറഞ്ഞവിലയ്ക്ക് അരിയും ലഭ്യമാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

നെല്ല് ഉണക്കി നൽകാൻ സൗകര്യമില്ലാത്ത കർഷകരോടുള്ള സ്വകാര്യ മില്ലുടമകളുടെ ചൂഷണം തടയാൻ സംഘത്തിനു കഴിയും. സംഭരണത്തിനായി ഗോഡൗണുകൾ സ്ഥാപിക്കും. അരിയും മൂല്ല്യ വർദ്ധിത ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നതിനായി കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും റൈസ് മില്ലുകൾ സ്ഥാപിക്കും.

നേട്ടങ്ങൾ

 നെല്ലു സംസ്‌കരണത്തിന്റെ 10 ശതമാനമെങ്കിലും സഹകരണ മേഖലയിലെത്തും

 8 ലക്ഷം ടൺ സപ്ലൈകോ സംഭരിക്കുമ്പോൾ 7.78 ലക്ഷം ടൺ സ്വകാര്യ മില്ലുകൾക്ക്

 സംഘ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സംസ്ഥാന തല വിപണന കേന്ദ്രങ്ങൾ

 സർക്കാർ സ്ഥാപനങ്ങൾ വഴിയും സ്വകാര്യ മേഖലയിലും ഓൺലൈനായും വിൽക്കും

 നെൽകൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും പുതിയ സംഘം വഴി നടപ്പിലാക്കും.

'' സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ നെല്ല് സംസ്‌കരണ മേഖലയിലെ ഇടപെടൽ വിപുലപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമാണ് കാപ്‌കോസ് ആരംഭിക്കുന്നത്. ഉത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പു വരുത്തും. നെൽകർഷകർക്ക് ലാഭകരമായി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്''

- കെ.എം.രാധാകൃഷ്ണൻ,​ കാപ്‌കോസ്

 ഉദ്ഘാടനം ഇന്ന്

ഓഫീസ് ഉദ്ഘാടനം രാവിലെ 10ന് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. കാപ്‌കോസ് പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും . സഹകരണ സംഘം രജിസ്ട്രാർ എം. ബിനോയി കുമാർ , ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റ് എ.വി റസൽ , ജില്ലാപഞ്ചായത്ത് അംഗം റോസമ്മ സോണി, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി , സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക് ചെയർമാൻ അഡ്വ : ജി.ഗോപകുമാർ , ജോയിന്റ് രജിസ്ട്രാർ (ജനറൽ) എൻ.അജിത്ത് കുമാർ തുടങ്ങിയവർ സംസാരിക്കും.