കോട്ടയം : കുറിച്ചി പഞ്ചായത്ത് ചേലാറ 13 കോളനിയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി.വാർഡ് മെമ്പർ പ്രശാന്ത് മനന്താനത്തിന്റെ നിരന്തരപരിശ്രമഫലമായാണ് പദ്ധതി തയ്യാറാക്കിയത്. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തംഗം ഇ.ആർ.സുനിൽകുമാർ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 5 ലക്ഷം രൂപ അനുവദിച്ചു. കോളനി മൈതാനത്തിന് സംരക്ഷണഭിത്തി കെട്ടി മൈതാനം മണ്ണിട്ട് ഉയർത്തി ഡ്രെയിനേജ് സൗകര്യമൊരുക്കുകയും വഴികൾ വീതി കൂട്ടുകയും ചെയ്യുന്ന ജോലിയാണ് ആരംഭിച്ചിരിക്കുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്തംഗം വൈശാഖിന്റെ ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ അനുവദിച്ചു. കോളനിയിലെ റോഡുകൾ കോൺക്രീറ്റ് ചെയ്യുന്നതിന് ബ്ലോക്ക് പഞ്ചായത്തിൽ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. എട്ടുമുറി കോളനിയിലെ വീടുകളുടെ നവീകരണം ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർത്തിയായി വരുന്നു. കെ.എൻ.എം ലൈബ്രറി - ഹോമിയോ കോളേജ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും തുക അനുവദിച്ചു. നിലാവ് പദ്ധതിയിലുൾപ്പെടുത്തി എല്ലാ വഴികളിലും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. 40 കവല ഐ.ടി.സി റോഡ്, എട്ടുമുറി മങ്ങാട്ട് റോഡ്, മൂന്നുമൂല മട്ടാഞ്ചേരി പുതുപ്പറമ്പ് റോഡ് എന്നിവ എംജി എൻആർഇജി പദ്ധതിയിൽ ഉൾപ്പെടുത്തി ടെൻഡർ നടപടികളായി.