കോട്ടയം: കൊടി കെട്ടിയ ബുള്ളറ്റിൽ ഹിമാലയത്തിലേക്കുള്ള യാത്ര. യുവത്വത്തിന് വഴികാട്ടിയും ആവേശംനിറയ്ക്കുകയും ചെയ്ത ജെവീൻ ഹിമാലയൻ യാത്രയ്ക്കുള്ള ബുള്ളറ്റ് തയ്യാറാക്കി ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെയാണ് വിടവാങ്ങിയത്. യാത്രയ്‌ക്കൊപ്പം കാരുണ്യപ്രവർത്തനങ്ങളും പുത്തൻ തലമുറയെ ബുള്ളറ്റ് പ്രേമികളാക്കിയതും ജെവീനാണ്.

1990 കളിൽ ക്യാമ്പസുകളിൽ ആരവം സൃഷ്ടിച്ച ജെവീൻ. സി.എം.എസ് കോളേജിലെ ഡിഗ്രി പഠനകാലത്താണ് ജെവീൻ പിതാവിന്റെ ഉടമസ്ഥതയിലുള്ള സിംഗിൾ സീറ്റ് ട്രയംഫ് ബൈക്കിലായിരുന്നു എത്തിയിരുന്നത്. ക്യാമ്പസിലെ താരമായിരുന്നു ജെവീനെന്ന് സുഹൃത്ത് പ്രേം പറഞ്ഞു.

പഠനത്തിന് ശേഷം, ജെവീൻ കളത്തിപ്പടി താന്നിക്കൽപ്പടിയിൽ ജെവീൻസ് മോട്ടോറിംഗ് എന്ന പേരിൽ ബുള്ളറ്റ് ഷോറും ആരംഭിച്ചു. 2014ൽ ചുങ്കത്ത് റോയൽ എൻഫീൽഡിന്റെ ഷോറും ജെവീൻസ് എന്ന പേരിൽ ആരംഭിച്ചു. 90ൽ നടന്ന പോപ്പുലർ റാലിയിൽ പങ്കെടുത്താണ് ജെവീൻ ആവേശത്തിരമാലയിലേയ്ക്കു വണ്ടിയോടിച്ചു കയറ്റിയത്. കെ.ടി.എം ജീപ്പേഴ്‌സ് ഓഫ് റോഡ് റൈഡിംഗിലും താരമായിരുന്നു ജെവീൻ. ഇന്തോനേഷ്യാ, ജക്കാർത്ത എന്നിവിടങ്ങളിൽ റൈഡ് പോയിട്ടുണ്ട്. സ്വന്തമായി ബുള്ളറ്റ് ഡിസൈൻ ചെയ്യുന്നതായിരുന്നു മറ്റൊരു താൽപ്പര്യം. ഗോവയിൽ നടന്ന റോയൽ എൻഫീൽഡ് ഡിസൈനിംഗ് മത്സരമായ റൈഡർ മാനിയയിൽ പങ്കെടുത്ത് മൂന്ന് തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2016 ൽ ഹിമാലയൻ റാലിയിൽ പങ്കെടുത്തു. പോപ്പുലർ റാലി, ഹിമാലയൻ യാത്രകളാണ് ജെവിൻസ് കൂടുതൽ നടത്തിയത്.

 ദുരന്തകാലത്തെ കാരുണ്യമുഖം

ചെന്നൈയിൽ ഉണ്ടായ പ്രളയത്തിൽ നാട്ടിൽ നിന്നും ശേഖരിച്ച സാധനങ്ങളുമായി തന്റെ ലോറിയിലാണ് ജെവിൻ തിരിച്ചത്. 2018ലെ പ്രളയ സമയത്ത് ടിപ്പറുമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രക്ഷയ്ക്ക് എത്തി. നിരവധി ആളുകളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റി. സ്വന്തം സ്ഥാപനങ്ങൾക്ക് ലോഗോ ഡിസൈൻ ചെയ്യുന്നതിനൊപ്പം, പരസ്യങ്ങൾക്ക് ഐഡിയ കണ്ടെത്തുന്നതും ജെവിനായിരുന്നു. വലിയ സൗഹൃദത്തിന്റെ ഉടമയും മൃഗസ്‌നേഹികൂടിയാണ്. സുഹൃത്തിന്റെ ഓർമ്മയ്ക്കായി ട്രസ്റ്റ്, നിർധന വിദ്യാർത്ഥികൾക്ക് പഠന സഹായം തുടങ്ങി നിരവധി കാരുണ്യ പ്രവർത്തനങ്ങളും ജെവിൻ ചെയ്തിരുന്നു.