പാലാ : ''ഗുരുവായൂരപ്പാ ഞാനുണരുന്ന നേരം കണിയായി നീയെൻ മുന്നിൽ വന്നിടണേ'' ദക്ഷിണ ഗുരുവായൂർ എന്ന് പുകൾപെറ്റ ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിലിരുന്ന് ഗഞ്ചിറയിൽ താളമിട്ട് പാടുകയാണ് പുലിയന്നൂർ സുകുമാരൻ. കഴിഞ്ഞ രണ്ട് മാസമായി ഭരണങ്ങാനം ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തരും സുകുമാരന്റെ ഈ ഭജനപ്പാട്ടുകൾ കേൾക്കാതിരിക്കില്ല. രാവിലെ 8 മുതൽ ആരംഭിക്കുന്ന ഈ ഭജനാമൃതത്തിന് ഉച്ചപൂജ കഴിയുന്നതോടെയാണ് മംഗളംപാടുന്നത്. ചില ദിവസങ്ങളിൽ സുകുമാരനൊപ്പം ഭജനപാടാൻ മറ്റാരെങ്കിലുമൊക്കെയുണ്ടാകും. ചിലപ്പോൾ ഭാഗവതം വായിക്കാനാളുണ്ടാകും. ആരുമില്ലെങ്കിലും സുകുമാരൻ ഒറ്റയ്ക്കിരുന്ന് മണിക്കൂറുകളോളം നീണ്ട ഭജനാമൃതം ഭരണങ്ങാനത്തപ്പന് മുന്നിൽ സമർപ്പിക്കും. വ്യാഴം, ഞായർ ദിവസങ്ങളിലാണ് മണിക്കൂറുകളോളം ഭജന പാടുന്നത്. അന്നാണ് ഭക്തജനങ്ങൾ കൂടുതലായി ഭരണങ്ങാനം ക്ഷേത്രത്തിൽ എത്തുന്നത്. ഈ ഭക്തിഗാന സമർപ്പണം ഒരു വർഷത്തോളം തുടർച്ചയായി കൊണ്ടുപോകണമെന്നാണ് 70കാരനായ സുകുമാരന്റെ ആഗ്രഹം.

'ഗുരുവായുരപ്പാ ഞാനുണരുന്ന... എന്നു തുടങ്ങുന്ന സ്വന്തം കീർത്തനം 1987 ലെ ഒരു ത്രിസന്ധ്യയിൽ ഗുരുവായൂരപ്പന്റെ സോപാനത്തിങ്കൽ നിന്ന് പാടാനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചു. പുലിയന്നൂർ മഹാദേവക്ഷേത്രം, ശ്രീകുരുംബക്കാവ് എന്നിവിടങ്ങളിൽ അനേക വർഷങ്ങളായി മണ്ഡലകാല ഭജന നയിക്കാൻ സുകുമാരൻ എത്താറുണ്ട്. പാലാ ളാലം മഹാദേവക്ഷേത്രം, അമ്പലപ്പുറത്തുകാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും സംഘമായി എത്തി സുകുമാരൻ ഭജന അവതരിപ്പിക്കാറുണ്ട്. പുലിയന്നൂർ മണ്ണൂശ്ശേരി കുടുംബാംഗമായ എം.കെ. സുകുമാരന്റെ ഈ ഗാനാർച്ചനയ്ക്ക് ഭാര്യ ശാന്തമ്മ, മക്കൾ ജയരാജൻ, ജയപ്രസാദ്, മരുമക്കൾ സീന, ബീന എന്നിവരുടെ പിന്തുണയുമുണ്ട്. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലും ഭജന പാടണമെന്ന ആഗ്രഹമാണ് ഇനി ഈ ഭക്തിഗായകനുള്ളത്.