പാലാ : തന്റെ പ്രിയപ്പെട്ട നേതാവ് കെ.എം.മാണിയുടെ ഓർമ്മയ്ക്കായി എലിക്കുളം മുൻപഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് (എം) നേതാവുമായ തോമസ് കുട്ടി വട്ടയ്ക്കാട്ട് ഭവനരഹിതനായ ചന്ദ്രൻ നായർക്ക് വീട് നിർമ്മിച്ച് നൽകുന്നു. മാണിയുടെ മൂന്നാം ചരമവാർഷികദിനത്തിൽ ഭവനരഹിതരായ ചന്ദ്രൻ നായർക്കും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകുന്ന തിരക്കിലാണ് തോമസുകുട്ടി. വീടിന്റെ കട്ടിളവയ്പ്പ് ചടങ്ങ് ഇന്നലെ നടന്നു. വരുന്ന ഏപ്രിൽ ഒൻപതിന് പാലുകാച്ചൽ നടത്താൻ പറ്റുന്ന തരത്തിലാണ് നിർമ്മാണം നടക്കുന്നത്. എലിക്കുളം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ രണ്ടാംമൈലിലാണ് വീട് നിർമ്മാണം. എലിക്കുളം പഞ്ചായത്ത് മെമ്പറായിരുന്ന 10 വർഷക്കാലവും ഹോണറേറിയം ആയി പ്രതി മാസം ലഭിച്ചിരുന്ന പണം ഉപയോഗിച്ച് സാധുക്കളായ ആളുകൾക്ക് വീട് അറ്റകുറ്റപ്പണി, വിവാഹ ധനസഹായം എന്നിവയ്ക്കായി വിതരണം ചെയ്യുകയായിരുന്നു ഇദ്ദേഹം. വരുന്ന ഏപ്രിൽ ഒമ്പതിന് കെ. എം. മാണിയുടെ മൂന്നാം ചരമവാർഷികദിനത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയെ കൊണ്ട് വീടിന്റെ താക്കോൽദാനം നടത്താനാണ് തോമസുകുട്ടിയുടെ തീരുമാനം. തോമസുകുട്ടിയ്‌ക്കൊപ്പം സഹധർമ്മിണിയും മക്കളും ഈ പുണ്യ പ്രവൃത്തിയ്ക്ക് പൂർണപിന്തുണയുമായുണ്ട്.