പാലാ : ജനറൽ ആശുപത്രിയിൽ നിന്ന് രോഗി രാത്രിയിൽ ഇറങ്ങിപ്പോയത് സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷാ വീഴ്ചയിലാണെന്ന് ചൂണ്ടിക്കാട്ടി രേഖാമൂലം റിപ്പോർട്ട് ആവശ്യപ്പെട്ട പാലാ നഗരസഭ അധികാരികൾക്ക് ഫോണിൽ മറുപടി കൊടുത്ത് ആശുപത്രി അധികൃതർ. ഫോണിൽ മറുപടി പിറ്റേന്ന് തന്നെ നൽകിയെന്നാണ് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ഷമ്മി രാജന്റെ വിശദീകരണം. എന്നാൽ ഇതുസംബന്ധിച്ച് രേഖാമൂലമായ ഒരു വിശദീകരണവും ഇന്നലെവരെ കിട്ടിയില്ലെന്ന് നഗരസഭ ചെയർമാനും. ഇത് സംബന്ധിച്ച് ജനുവരി 27 ന് ''കേരളകൗമുദി'' പ്രസിദ്ധീകരിച്ച വാർത്തയുടെ കോപ്പി സഹിതമാണ് രേഖാമൂലം റിപ്പോർട്ട് ആവശ്യപ്പെട്ടത്.
7 ദിവസത്തിനകം രേഖാമൂലം മറുപടി നൽകണമെന്നായിരുന്നു കത്തിലാവശ്യപ്പെട്ടിരുന്നത്. 29ാം തീയതി പ്രത്യേക ദൂതൻവശം കത്ത് ജനറൽ ആശുപത്രി സൂപ്രണ്ടിന് നേരിട്ടെത്തിക്കുകയായിരുന്നു. എന്നാൽ 7 ദിവസമെന്നുള്ളത് 14 ദിവസമായിട്ടും മറുപടിയേ കിട്ടിയിട്ടില്ലെന്നാണ് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞത്. ഇതുസംബന്ധിച്ച് ഇടയ്ക്ക് തിരക്കിയെങ്കിലും ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജന് കൊവിഡ് പിടിപെട്ടതിനാലാണ് മറുപടി വൈകുന്നതെന്നാണ് മനസിലാകുന്നതെന്നും ചെയർമാൻ പറയുന്നു. എന്നാൽ ചെയർമാന്റെ കത്ത് കിട്ടി പിറ്റേദിവസം തന്നെ ഫോണിൽ വിശദീകരണം നൽകിയെന്നാണ് ഡോ. ഷമ്മി രാജൻ പറയുന്നത്. രേഖാമൂലം മറുപടി കൊടുത്തിട്ടില്ലെന്നും സൂപ്രണ്ട് ചൂണ്ടിക്കാട്ടി.
നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കണം
പാവപ്പെട്ട രോഗികളുടെ ഏക ചികിത്സാ കേന്ദ്രമായ പാലാ ജനറൽ ആശുപത്രിയുടെ കാര്യത്തിൽ നഗരസഭാധികാരികൾ കാണിക്കുന്ന അനാസ്ഥയും പിടിപ്പുകേടും എത്രയും വേഗം അവസാനിപ്പിക്കണമെന്നും രോഗികൾക്ക് സഹായകമാകുന്ന രീതിയിൽ തന്റേടത്തോടെ കാര്യങ്ങൾ നടത്തണമെന്നും പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ. സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു.