ചങ്ങനാശേരി : പായിപ്പാട് പഞ്ചായത്തിലെ കൊല്ലത്തുചാത്തങ്കരി പാടശേഖരത്തിന് സമീപത്തെ വാച്ചാൽ തോട്ടിൽ നിന്ന് കൃഷി ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിൽ ജോബ് മൈക്കിൾ എം.എൽ.എയുടെ ഇടപെടൽ. ചെളി നീക്കം ചെയ്ത് ചാലിന് ആഴം കൂട്ടി പ്രധാന തോട്ടിൽ നിന്ന് വെള്ളം ഒഴുകി എത്താൻ ഉടൻ നടപടി സ്വീകരിക്കുമെന്നും കളക്ടറുമായി വിഷയം ചർച്ച ചെയ്തെന്നും സ്ഥലം സന്ദർശിച്ച അദ്ദേഹം കർഷകർക്ക് ഉറപ്പ് നൽകി. വാച്ചാൽ തോട് ആഴം കൂട്ടുന്ന പ്രവൃത്തികൾ ഉടൻ ആരംഭിക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി കളക്ടർക്ക് എത്രയും പെട്ടെന്ന് സമർപ്പിക്കാൻ ഇറിഗേഷൻ വിഭാഗത്തിനോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺസൻ അലക്‌സാണ്ടർ, പായിപ്പാട് പഞ്ചായത്തംഗം ഷൈനി ജോജോ, ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ബിനു ജോസ് തുടങ്ങിയവർ എം.എൽ.എ യോടൊപ്പമുണ്ടായിരുന്നു.