kunjunjamma

കോട്ടയം: ''എന്റെ മോനെ എനിക്ക് തിരിച്ചു തരണം. എനിക്ക് അവനെ വേണം..'' ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേയ്ക്കുള്ള യാത്രാ മദ്ധ്യേ കപ്പലിൽ കാണാതായ കുറിച്ചി ചെറുവേലിപ്പടി വല്യടത്തറ സ്വദേശി ജസ്റ്റിൻ കുരുവിളയുടെ മാതാവ് കുഞ്ഞൂഞ്ഞമ്മയുടെ നെഞ്ച്‌ മകനെയോർത്ത് വിങ്ങിപ്പൊട്ടുകയാണ്.

ചൈനീസ് കപ്പലായ സ്ട്രീം അറ്റ്‌ലാന്റിക്കിൽ ജസ്റ്റിൻ ജനറൽ സ്റ്റ്യുവാർഡ് (അസി. കുക്ക്) ആയിരുന്നു. 6ന് വൈകിട്ട് 10.30 മണിയോടുകൂടി വാട്ട്‌സാപ്പിൽ വിളിച്ച് വീട്ടുകാരോട് സംസാരിച്ചിരുന്നു . പിറ്റേന്ന് രാവിലെ വിളിച്ചപ്പോൾ ഫോൺ റിംഗ് ചെയ്തെങ്കിലും പ്രതികരണമില്ലായിരുന്നു. ഓൺലൈനിൽ ഉണ്ടോ എന്ന് നോക്കിയപ്പോൾ ലാസ്റ്റ് സീൻ കാണിക്കുന്നത് 7ാം തീയതി വെളുപ്പിനെ 3.44നാണ്. എന്നും വിളിച്ചിരുന്ന ജസ്റ്റിൻ അന്നത്തെ ദിവസം വിളിക്കാതിരുന്നപ്പോൾ വീട്ടുകാർക്ക് ആശങ്കയായി.
കപ്പലുകളുടെ യാത്രാവിവരങ്ങൾ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ട്രാക്ക് മൈ ഷിപ്പ് ആപ്പിൽ കയറി നോക്കിയെങ്കിലും കപ്പൽ ഡർബൻ തുറമുഖത്ത് നിന്ന് പുറപ്പെട്ടതിന് ശേഷമുള്ള പുതിയ വിവരങ്ങൾ കമ്പനി കൊടുത്തിരുന്നില്ല. ജസ്റ്റിനെ കപ്പലിലേക്ക് റിക്രൂട്ട് ചെയ്ത ഫ്‌ളീറ്റ് മാനേജ്‌മെന്റ് ഏജൻസിയുമായി 9 ന് ബന്ധപ്പെട്ടപ്പോൾ ജസ്റ്റിനെ കാണാതായതായി അറിയിക്കുകയായിരുന്നു. തുടർന്ന് 8ാം തീയതി മുതൽ ജസ്റ്റിനെ കപ്പലിൽ നിന്ന് കാണാതായെന്ന് അറിയിച്ചുള്ള ഇ-മെയിൽ ഏജൻസിയിൽനിന്ന് ലഭിച്ചു.

 ദുരൂഹതയെന്ന് കുടുംബം

കപ്പലിൽ വീണ് ജസ്റ്റിന്റെ കാലിന് ചെറിയ അപകടം സംഭവിച്ചിരുന്നതായും ക്യാപ്റ്റന്റെ ഭാഗത്ത് നിന്ന് പീഡനം ഉള്ളതായും ജസ്റ്റിൻ അറിയിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. സാധാരണ ഒരാളെ കപ്പലിൽനിന്ന് കാണാതായാൽ മണിക്കൂറുകൾക്കുള്ളിൽ കപ്പൽ മുഴുവൻ പരിശോധിക്കുകയും കടലിൽ വീണോ എന്നറിയാൻ കാണാതായ സമയം കണക്കാക്കി പുറകോട്ട് പോയി പരിശോധിക്കുകയും ചെയ്യും. കാണാതായ ആളിന്റെ രാജ്യത്തും ബന്ധപ്പെട്ട ഏജൻസിയിലും അറിയിക്കുകയും ചെയ്യുമായിരുന്നെന്ന് ആംഗ്‌ളോ ഈസ്‌റ്റേൺ എന്ന കപ്പലിൽ ജോലി ചെയ്യുന്ന സഹോദരൻ സ്റ്റെഫിൻ പറയുന്നു. 7ാം തിയതി മുതൽ ഫോൺ എടുക്കാത്ത ജസ്റ്റിനെ കാണാതായത് 8ാം തീയതി മുതലാണ് എന്ന് മെയിലിൽ പറയുന്നത് ദുരൂഹത ഉണർത്തുന്നു.