വൈക്കം : ഭക്തിയുടെ നിറവിൽ നടന്ന ദ്റവ്യ കലശാഭിഷേകത്തോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി മഹോത്സവത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. തന്ത്റിമാരായ ഭദ്റകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേൽശാന്തിമാരായ ടി.ഡി നാരായണൻ നമ്പൂതിരി, ടി.എസ് നാരായണൻ നമ്പുതിരി, തരണി ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി എന്നിവർ കലശത്തിന് കാർമ്മികത്വം വഹിച്ചു. ആചാരപ്രകാരം മണ്ഡപത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷമാണ് ദ്റവ്യ കലശാഭിഷേകം നടന്നത്. 22 വരെ ദ്റവ്യ കലശവും കുംഭാഷ്ടമി ദിനമായ 23ന് ഏകാദശ രുദ്റ ഘൃത കലശവും ഉണ്ടാവും. അഷ്ടമി ദിനമായ 23ന് രാവിലെ 4.30 നാണ് അഷ്ടമി ദർശനം . 8ന് ശ്രീബലി എഴുന്നള്ളിപ്പ്.
വൈകിട്ട് 4ന് ഉദയനാപുരത്തപ്പൻ പിതാവായ വൈക്കത്തപ്പന്റെ സന്നിധാനത്തേക്ക് എഴുന്നള്ളും.ഇരദേവൻമാരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി 5ന് മഹാദേവ ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള വാഴമന, കൂർക്കശേരി , കള്ളാട്ടശ്ശേരി എന്നിവിടങ്ങളിലേക്ക് എഴുന്നള്ളും. ഇവിടെ ഇരു ദേവൻമാരെയും ഇറക്കി എഴുന്നള്ളിച്ച് വിശേഷാൽ പൂജകളും നിവേദ്യങ്ങളും നടത്തും. വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഒരുമിച്ച് എഴുന്നള്ളി അധീനതയിലുള്ള കൃഷി ഭൂമിയും വിളപ്പെടുപ്പും കണ്ട് ഭക്തർക്ക് അനുഗ്രഹം നല്കുന്നതിനായുള്ള വരവാണന്നാണ് വിശ്വാസം.
വൈക്കം ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തെ ജനങ്ങൾ ആർഭാടമായാണ് കുംഭാഷ്ടമി എഴുന്നള്ളിപ്പുകളെ വരവേൽക്കുന്നത്. തിരിച്ചെഴുന്നള്ളിപ്പ് ആറാട്ടുകുളങ്ങരയിൽ എത്തുമ്പോൾ സ്വർണ്ണ കുടയുൾപ്പടെ എല്ലാവിധ അലങ്കാരങ്ങളും ചേർത്ത് വരവേല്പു നല്കും. എഴുന്നള്ളിപ്പ് രാത്രി 1ന് വൈക്കം ക്ഷേത്രത്തിലെത്തുന്നതോടെ അഷ്ടമിവിളക്ക് ആരംഭിക്കും .വലിയ കാണിക്കയ്ക്ക് ശേഷം ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി വിടപറയൽ ചടങ്ങ് ആരംഭിക്കും. വടക്കേ നടയിൽ വച്ച് ഉദയനാപുരത്തപ്പൻ യാത്ര ചോദിക്കുന്നതോടെ അഷ്ടമിക്ക് സമാപനമാകും. 25ന് ഉദയനാപുരം ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ നടത്തും.