
കോട്ടയം: ഒന്നര പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ ഏറ്റുമാനൂരപ്പൻ അതിരമ്പുഴ, ഉള്ളാട്ടുപറമ്പിൽ പ്രസന്നകുമാരിക്കും (45), ഭർത്താവ് സുരേഷിനും (52) ഒരു കൈനീട്ടം നൽകി, ഒറ്റ പ്രസവത്തിൽ പിറന്ന നാല് കുഞ്ഞു മാലാഖമാരെ. തൊട്ടിലുകളിൽ കൈപ്പത്തികൾ ചുരുട്ടിയുറങ്ങുന്ന അവരെ കണ്ടും താലോലിച്ചും അടുത്തിരിക്കുമ്പോഴും ഇരുവരുടെയും ഉള്ളിൽ നീറ്റലാണ്. ചികിത്സയ്ക്കായി വീടുവരെ പണയപ്പെടുത്തിയുണ്ടായ കടബാദ്ധ്യതയാണ് വില്ലൻ.
15 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അതുകഴിഞ്ഞ് ആറ് മാസം മുതൽ വിവിധ ആശുപത്രികളിൽ ചികിത്സ. ഒടുവിൽ കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോ. ഹരീഷിന്റെ ചികിത്സയ്ക്കൊടുവിൽ ഒറ്റ പ്രസവത്തിൽ നാല് പൊന്നോമനകൾ പിറന്നു. മൂന്ന് ആൺകുട്ടികളും, ഒരു പെണ്ണും. നൂലുകെട്ടിന് മുമ്പ് അവർക്ക് പേര് ചൊല്ലി - ശങ്കരൻ, ലക്ഷ്മി, കാശിനാഥൻ, കാർത്തിക്.
ഏറ്റുമാനൂരപ്പന്റെ ഭക്തരായ കുടുംബം ഭഗവാന്റെ പേരുകൾ ആൺ മക്കൾക്കും സുരേഷിന്റെ അമ്മയുടെ പേര് മകൾക്കുമിട്ടു. ഏഴ് വർഷം മുമ്പ് ചെറുമക്കളില്ലാത്തതിന്റെ സങ്കടം ബാക്കിയാക്കിയാണ് സുരേഷിന്റെ അമ്മ ലക്ഷ്മി മരിച്ചത്.
 വില്ലനായി അപകടവും കടവും
രണ്ട് വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ ചെത്തു തൊഴിലാളിയായിരുന്ന സുരേഷിന്റെ തോളെല്ലു പൊട്ടിയതോടെ ദുരിതത്തിലായി. പ്രസന്ന കാരിത്താസ് ആശുപത്രിയിൽ സ്വീപ്പറായി ചേർന്നു. പിന്നീട് ചികിത്സയും അവിടെയാക്കി. നാലേകാൽ ലക്ഷം രൂപ പ്രസവ ആവശ്യങ്ങൾക്കായി ആശുപത്രിയിൽ ചെലവായെങ്കിലും രണ്ട് ലക്ഷം രൂപ ഇളവ് നൽകി. കുട്ടികളെ ലഭിച്ചതിൽ സന്തോഷം അലതല്ലുമ്പോഴും അവരുടെ ചെലവുകളും വിദ്യാഭ്യാസവും മറ്റും എങ്ങനെ മുന്നോട്ടു പോകുമെന്നാണ് ഇവരുടെ ആശങ്ക.
വീടിന്റെ ആധാരം പണയപ്പെടുത്തി അതിരമ്പുഴ സഹകരണ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. കുഞ്ഞുങ്ങളെ നോക്കേണ്ടതിനാൽ പ്രസന്നയ്ക്ക് ജോലിക്ക് പോകാനുമാകില്ല. ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നന്മയുടെ കൈനീട്ടം കാത്തിരിക്കുകയാണീ കുടുംബം.
'അപകടത്തിലെ പരിക്ക് കാരണം ജോലി ചെയ്യാൻ കഴിയില്ല. കുഞ്ഞുങ്ങളെ നന്നായി വളർത്താനും ജീവിക്കാനും നന്മയുള്ളവർ സഹായിക്കുമെന്നാണ് പ്രതീക്ഷ".
- സുരേഷ്