thazhathagadi-

കോട്ടയം : എരിവ്,​ പുളി,​ മധുരം... ഈ കൊടുംചൂടിൽ എന്ത് വേണമെന്ന് പറഞ്ഞാൽ മതി. നാവിൽ വെള്ളമൂറുന്ന രുചിക്കൂട്ടൊരുക്കി യാത്രക്കാരെ കാത്തിരിക്കുകയാണ് താഴത്തങ്ങാടി സ്വദേശികളായ ദമ്പതികൾ. എല്ലാം ചില്ല് ഭരണികളിലാക്കി നിരത്തി വച്ചിരിക്കുന്നു. കോട്ടയം - കുമരകം റൂട്ടിൽ ആലൂമ്മൂട് ജംഗ്ഷനിലാണ് പുത്തൻമാടപ്പാട്ട് ബിനിയും,​ ഭാര്യ സോമജയും വഴിയോര കച്ചവടം നടത്തുന്നത്. പത്തോളം വ്യത്യസ്ത ഇനം ഉപ്പിലിട്ട വിഭവങ്ങളും തനിനാടൻ അച്ചാറുകളുമാണ് ഇവിടുത്തെ പ്രത്യേകത. വാഴപ്പിണ്ടി ഉപ്പിലിട്ടതാണ് സ്പെഷ്യൽ. മാങ്ങ, പൈനാപ്പിൾ, ജാതിക്ക, പപ്പായ, കാരറ്റ്, മത്തങ്ങ, നെല്ലിക്ക, ചാമ്പങ്ങ, കണ്ണിമാങ്ങ തുടങ്ങി നിരവധി പുതുരുചികളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. കൂടാതെ, മൺപാത്രത്തിലെ സംഭാരവും, വ്യത്യസ്ത തരം ഹോംമെയ്ഡ് അച്ചാറുകളുമുണ്ട്. 20 രൂപയാണ് ഉപ്പിലിട്ട വിഭവങ്ങൾക്ക്. ഒരു ബോട്ടിലിന് 70 രൂപ. അച്ചാറിന് 100 രൂപ.

കൊവിഡ് ചതിച്ചു, രുചിയിൽ ഉയർത്തെണീറ്റു

ഒരു വർഷം മുൻപാണ് ബിനിയും ഭാര്യയും വഴിയോരക്കച്ചവടം ആരംഭിച്ചത്. ക്വയർ മാറ്റ് എന്ന സ്ഥാപനം ആലൂമ്മൂട്ടിൽ നടത്തിവരികയായിരുന്നു ബിനി. കൊവിഡിനെ തുടർന്ന് കച്ചവടം ഇല്ലാതായതോടെ ജീവിതം പ്രതിസന്ധിയിലായി. സമീപത്ത് താമസിക്കുന്ന ഗിരീഷ് എന്നയാളാണ് ബിനിയോട് ഇളനീർ വ്യാപാരം നടത്തുന്നതിനെക്കുറിച്ച് പറഞ്ഞത്. തുടർന്ന് തണ്ണിമത്തൻ ജ്യൂസും നാരങ്ങവെള്ളവുമായി ചെറിയ കച്ചവടം ആരംഭിച്ചു. പഴങ്ങളും പച്ചക്കറികളും ഉപ്പിലിട്ടും കൊണ്ടാട്ടമാക്കിയും പരീക്ഷിക്കുന്ന ശീലം ബിനിക്കുണ്ടായിരുന്നു. നാരങ്ങവെള്ളത്തിനൊപ്പം കടയിൽ ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയും കൊണ്ടുവന്നു. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ കൂടുതൽ ഉപ്പിലിട്ട വിഭവങ്ങൾ തയ്യാറാക്കി. കൃഷ്ണജ, കൃഷ്ണജിത്ത് എന്നിവരാണ് മക്കൾ.