
കുടമാളൂർ: ദിവസവും മൂന്ന് താറാവുമുട്ട, വയറ് നിറയെ മീൻ. ഇത്രയും കെുടുത്തില്ലെങ്കിൽ സുനിലിന്റെ 'ചങ്കുകൾ' കലപില കൂട്ടും. കാ..കാ എന്ന് ശബ്ദമുണ്ടാക്കി കാര്യംകാണുംവരെ ചുറ്റിപ്പറ്റി പറക്കും. കൈകൊട്ടി വിളിച്ചാൽ നിമിഷങ്ങൾക്കകം പറന്നെത്തും. രണ്ടു കാക്കകളുമായുള്ള സുനിലിന്റെ അടുപ്പം നാട്ടുകാർക്കും കൗതുകമാണ്!
കുടമാളൂരിലെ വഴിയരികിൽ മീൻകച്ചവടം നടത്തുന്ന മംഗളംപറമ്പിൽ സുനിലുമായി കാക്കകൾ കൂട്ടുകൂടിയിട്ട് ഒന്നര വർഷത്തോളമായി. രാവിലെ മീനുമായി വരുമ്പോഴേ പങ്കിനായി ഇവർ കാത്തിരിപ്പുണ്ടാവും. കൊവിഡിന്റെ ആരംഭകാലത്താണ് ഈ കാക്കകളെ സുനിൽ ശ്രദ്ധിക്കുന്നത്. ഒരിക്കൽ ഒരു മീനെടുത്ത് ഇട്ടുകൊടുത്തു. പിറ്റേന്നും കണ്ടതോടെ അതൊരു പതിവായി. പിന്നാലെ മുട്ടയും. രാവിലെ മീനുമായി സുനിൽ എത്തുമ്പോൾ ആരെങ്കിലുമൊരാൾ ഹാജരുണ്ടാവും. പിന്നെ മുട്ടയും മീനും കിട്ടിയില്ലെങ്കിൽ ആകെ അലമ്പാണ്. പ്രത്യേക ശബ്ദത്തിൽ കരഞ്ഞ് പറന്ന് നടക്കും. ഇപ്പോൾ മൂന്ന് മുട്ട നിർബന്ധം. മുട്ടയുടെ തോട് പൊട്ടിച്ച് കൊടുത്താൽ സുനിലിന്റെ അടുത്ത് വന്നിരുന്ന് മുഴുവൻ കഴിക്കും. അതിന്റെ പ്രത്യുപകാരമെന്നോണം പൂച്ചയും മറ്റും മീൻ മോഷ്ടിക്കാൻ വന്നാൽ കാക്കകൾ കലിപ്പൻമാരാകും. അവയെ കൊത്തിയോടിക്കും.