krishy

കോട്ടയം : കടുത്തുരുത്തി അഗ്രോ സർവീസ് സെന്റർ പുതിയതായി വാങ്ങിയ ഞാറുനടീൽ യന്ത്രങ്ങളുടെ പ്രവർത്തന ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ആധുനിക സംവിധാനങ്ങളോട് കൂടിയ ഭാരം കുറഞ്ഞ ഫ്ലോട്ടിംഗ് തരത്തിലുള്ള രണ്ട് വോക്ക് ബിഹൈൻഡ് മെഷീനാണ് പുതിയതായി വാങ്ങിയത്. കാർഷികയന്ത്രങ്ങൾ കർഷകർക്കും കാർഷിക സൊസൈറ്റികൾക്കും സബ്‌സിഡിയോടെ നൽകുന്ന കേന്ദ്ര സർക്കാരിന്റെ സബ്മിഷൻ ഓൺ അഗ്രികൾച്ചർ മെക്കനൈസേഷൻ പദ്ധതിയിലൂടെയാണ് യന്ത്രങ്ങൾ വാങ്ങിയത്. മൂന്നരലക്ഷം രൂപയാണ് വില. പദ്ധതിയിലൂടെ വാങ്ങിയതിനാൽ 80 ശതമാനം സബ്‌സിഡി ലഭിച്ചു. മാറ്റ് നഴ്‌സറി പ്രിപ്പറേഷൻ സംവിധാനം ഉപയോഗിച്ചാണ് യന്ത്രത്തിലൂടെ നടുന്നതിനുള്ള ഞാറ് തയ്യാറാക്കുക. ട്രേയിൽ വിത്ത് പാകി മുളപ്പിച്ച് 12 മുതൽ 20 ദിവസത്തിനുള്ളിൽ ഞാറു നടീൽ നടത്തും. ട്രേയിലെ ഞാറുകൾ മാറ്റ് മെഷീനിന്റെ ഫിംഗറുകൾ ഉപയോഗിച്ചാണ് നടുക. ഞാറു നടുന്നതിന് ഒരേക്കറിന് 4000 രൂപയാണ് കർഷകരിൽ നിന്ന് ഈടാക്കുക. പരിശീലനം നേടിയ അഗ്രോ സർവീസ് പ്രൊവൈഡർമാരാണ് മെഷീനുകൾ പ്രവർത്തിക്കുക. കൃഷി വിജ്ഞാന കേന്ദ്രത്തിലും അഗ്രികൾച്ചർ എൻജിനിയറിംഗ് ഡിവിഷനിലുമാണ് ഇവർക്ക് പരിശീലനം.