
കുറുപ്പന്തറ : ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്ക് കേന്ദ്ര - സംസ്ഥാന അംഗീകാരങ്ങൾ കരസ്ഥമാക്കി കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ ദേശീയ ഗുണനിലവാര അംഗീകാരവും സംസ്ഥാന കായകല്പ അവാർഡുമാണ് നേടിയെടുത്തത്. ദേശീയ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ അടുത്ത മൂന്ന് വർഷം രണ്ട് ലക്ഷം രൂപ വീതം കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിക്കും. ആശുപത്രി പ്രവർത്തനങ്ങൾ, ഓഫീസ് സേവനങ്ങൾ,ലാബ് പ്രവർത്തനം , പൊതുജനാരോഗ്യം എന്നീ വിഭാഗങ്ങളിലെ മികവിനാണ് അവാർഡ് ലഭിച്ചത്. മൂന്ന് ഡോക്ടർമാരടക്കം 30 ജീവനക്കാരാണ് ഇവിടെയുള്ളത്. ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള പാലിയേറ്റീവ് കെയർ സെന്റർ കൂടാതെ വിവിധ ക്ലിനിക്കുകളും പ്രവർത്തിക്കുന്നു. ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി പൂർണമായും ഡിജിറ്റലൈസ് ചെയ്ത ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മെഡിക്കൽ ഓഫീസർ ഡോ.എസ്. സരോജ് ആണ്.