കൊഴുവനാൽ: 'ലൈസൻസ് ഞങ്ങൾക്ക് പുല്ലാ... ഞങ്ങളെവിടെയും മീൻവിൽക്കും. ആരാ ഇവിടെ ചോദിക്കാൻ ....?' കൊഴുവനാൽ ഗവ. എൽ.പി. സ്‌കൂളിന് സമീപം വഴിയരികിലെ പുരയിടത്തിലാണ് പ‌ഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചുള്ള അനധികൃത മത്സ്യവില്പന. കൊഴുവനാൽ ടൗണിൽ നടക്കുന്ന അനധികൃത മത്സ്യകച്ചവടത്തെക്കുറിച്ച് ടൗണിലെ വ്യാപാരികളാണ് പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകിയത്. പരാതി കൊഴുവനാൽ പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്തിരുന്നു. അനധികൃത മത്സ്യകച്ചവടം അവസാനിപ്പിക്കണമെന്നും നിയമാനുസൃതം പഞ്ചായത്തിൽ നിന്ന് ലൈസൻസ് എടുക്കണമെന്നും ഉദ്യോഗസ്ഥർ കച്ചവടക്കാരനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പഞ്ചായത്ത് അധികൃതർ പാലാ പൊലീസിലും പരാതി നൽകിയിരുന്നു. ഇതിനിടെ കച്ചവടക്കാരൻ പഞ്ചായത്ത് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയതായും പരാതിയുണ്ട്.

മത്സ്യം പിടിച്ചെടുക്കും

നിയമപ്രകാരം ലൈസൻസ് എടുക്കാതെ മത്സ്യക്കച്ചവടം തുടർന്നാൽ മീൻപിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പാലാ ആർ.ഡി.ഒ., ജില്ലാ കളക്ടർ, ഭക്ഷ്യസുരക്ഷാവകുപ്പ് അധികാരികൾ, താലൂക്ക് സപ്ലൈ അധികാരികൾ എന്നിവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.