പൊൻകുന്നം: സി.പി.എമ്മിന്റെ മുൻ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ വനിതാക്കൂട്ടായ്മ നടത്തിയ ചിട്ടിയിൽ ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടവർ പ്രതിഷേധവുമായി പൊൻകുന്നം പൊലീസ് സ്‌റ്റേഷനിൽ. സ്റ്റേഷനിൽ മുൻപ് നടത്തിയ ഒത്തുതീർപ്പനുസരിച്ച് പണം കൊടുത്തുതീർക്കുമെന്നറിയിച്ചെങ്കിലും ഇന്നലെ നടപടിയുണ്ടാകാത്തതിനാലാണ് ജനങ്ങൾ പ്രതിഷേധിച്ചത്. ഇന്നലെ ചിട്ടിനടത്തിപ്പുകാർ 5,40,000 രൂപ കൊണ്ടുവന്നു. പരാതിക്കാർക്ക് മൂവായിരം രൂപ വീതം നൽകാൻ മാത്രമേ തികഞ്ഞുള്ളൂ.അയൽക്കൂട്ടത്തിന്റെ പേരിൽ അനൗദ്യോഗികമായി ചിറക്കടവ് രണ്ടാംവാർഡിൽ മുൻ പഞ്ചായത്തംഗമായ വനിത ഉൾപ്പെടെ ഒൻപത് വനിതകൾ ചേർന്ന് നടത്തിയ ചിട്ടിയിലാണ് മേഖലയിലെ സാധാരണക്കാരായ കുടുംബങ്ങൾക്ക് ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടത്. അനൗദ്യോഗികമായി നടത്തി വന്ന ചിട്ടി പിന്നീട് ഏതാനും സ്ത്രീകൾ സ്വന്തംനിലയിൽ കൈകാര്യം ചെയ്യുകയായിരുന്നു. കുടുംബശ്രീയുടെ പേരിൽ രജിസ്‌ട്രേഷനില്ലാതെ മുൻപഞ്ചായത്തംഗമുൾപ്പെടെയുള്ളവർ നടത്തിയ ഒന്നരലക്ഷം രൂപയുടെ ചിട്ടിയിൽ 154 പേർ ചേർന്നിരുന്നു. ഒരു ലക്ഷം രൂപയോളം അംഗങ്ങൾ അടച്ചിരുന്നു. ചിട്ടി കിട്ടിയവർക്കാർക്കും പണം നൽകിയില്ല. മുൻപഞ്ചായത്തംഗം 20 ലക്ഷം രൂപയിലേറെയും മറ്റൊരു സ്ത്രീ 37 ലക്ഷം രൂപയും മറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക മറ്റുള്ളവരുടെ കൈയിലുമായി. ഇവരിൽ ചിലർ പണം കിട്ടാനുള്ളവർക്ക് പ്രോമിസറി നോട്ടെഴുതി നൽകാൻ തയ്യാറായതോടെയാണ് താത്കാലിക പരിഹാരമായത്.

തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യണം


പൊൻകുന്നം: ശാന്തിഗ്രാം കോളനി കേന്ദ്രീകരിച്ച് കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന്
ബി.ജെ.പി.കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജി.ഹരിലാൽ ആവശ്യപ്പെട്ടു. കുടുംബശ്രീയുടെ മറവിൽ സാധാരണക്കാരെയാണ് മുൻ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വഞ്ചിച്ചിരിക്കുന്നത്.പൊലീസ് രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി ഏകപക്ഷീയമായി പെരുമാറുകയണെന്നും ബി.ജെ.പി.ആരോപിച്ചു. ചിട്ടി തട്ടിപ്പിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.

ചിത്രം: പൊൻകുന്നത്ത് ചിട്ടിയിൽ പണം നഷ്ടപ്പെട്ടവർ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ.