അടിമാലി: ദേവികുളം മണ്ഡലത്തിൽ ആറ് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജ്ജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി അഡ്വ. എ രാജ എംഎൽഎ പറഞ്ഞു.മൂന്നാർ,അടിമാലി, ഇരുമ്പുപാലം, ആനച്ചാൽ,മറയൂർ, ചിന്നക്കനാൽ തുടങ്ങിയ ഇടങ്ങളിലാകും ചാർജ്ജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുക.ഇരുചക്രവാഹനങ്ങൾ, കാറുകൾ, ഓട്ടോറിക്ഷകൾ തുടങ്ങിയവ ചാർജ്ജ് ചെയ്യാൻ കഴിയുന്നവ സ്റ്റേഷൻ മൂന്നാറിൽ നിർമ്മിക്കും.അടിമാലി, ഇരുമ്പുപാലം, ആനച്ചാൽ,മറയൂർ, ചിന്നക്കനാൽ തുടങ്ങിയ ഇടങ്ങളിൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ചാർജ്ജ് ചെയ്യാൻ കഴിയും വിധമുള്ള ചാർജ്ജിംഗ് സ്റ്റേഷനുകളാകും ക്രമീകരിക്കുകയെന്നും എംഎൽഎ പറഞ്ഞു.നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങൾ സജീവമാകുന്നതിനിടെയാണ് ജില്ലയുടെ മറ്റ് ഭാഗങ്ങളിലെന്ന പോലെ ദേവികുളം മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിലും ബന്ധപ്പെട്ടവർ ചാർജ്ജിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കാൻ ഒരുങ്ങുന്നത്.