
കോട്ടയത്തിന് എഴുപത്തഞ്ചോളം വയസായിട്ടും എല്ലായിടത്തും എന്നും കൃത്യമായ് വെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റിക്ക് കഴിയുന്നില്ല .ഇതിന് പുറമേയാണ് തലങ്ങും വിലങ്ങുമുള്ള പൈപ്പ് പൊട്ടൽ. ഇത് തുടർക്കഥയായതോടെ പണ്ടേ ദുർബല പിന്നെ പറയണോ എന്ന അവസ്ഥയിലാണ് ജല അതോറിറ്റി.
കഴിഞ്ഞ ദിവസം നഗരമദ്ധ്യത്തിൽ സെൻട്രൽ ജംഗ്ഷനിലാണ് പൈപ്പ് പൊട്ടിയത്. 300 എം.എം.സി പൈപ്പാണ് പൊട്ടിയത്. അതോടെ സെൻട്രൽ ജംഗ്ഷനിൽ പ്രളയമായി. റോഡിനടിയിലെ മണ്ണ് ഒലിച്ച് വലിയ കുഴി രൂപപ്പെട്ടു. പത്തു മീറ്ററോളം റോഡ് തകർന്നു . ഗതാഗതം ഏറെ നേരം തടസപ്പെട്ടു. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതിനിടയിൽ ആയിരക്കണക്കിന് ലിററർ വെള്ളമാണ് പൈപ്പ് പൊട്ടി പാഴായത്. നഗരത്തിന്റെ പല ഭാഗത്തെ കുടിവെള്ള വിതരണവും ഇതോടെ തടസപ്പെട്ടു.
കാലപ്പഴക്കമാണ് പൈപ്പ് പൊട്ടലിന് കാരണമെന്ന സ്ഥിരം വാട്ടർ അതോറിറ്റി അധികൃതർ പറയുമ്പോൾ അതിന് തങ്ങളാണോ ഉത്തരവാദി എന്നാണ് നാട്ടുകാരുടെ ചോദ്യം.
പൈപ്പ് പൊട്ടാത്ത ഒരു ദിവസം പോലും കോട്ടയത്ത് ഉണ്ടാകില്ല. എല്ലാത്തിനും കാരണം പഴയ പൈപ്പ് തന്നെ. മുഖ്യമന്ത്രിയും ധനമന്ത്രിയും അടക്കം നിരവധി മന്ത്രിമാർ കോട്ടയത്തിനുണ്ടായിരുന്നു. എന്നിട്ടും പൊട്ടാത്ത പൈപ്പ് ഇടാൻ കഴിഞ്ഞിട്ടില്ല. ലോക ബാങ്ക് ജലപദ്ധതി , ജലനിധി , ജൽജീവൻ മിഷൻ തുടങ്ങി പല പേരിൽ പല പദ്ധതികൾ നടപ്പാക്കി. മററു ചില പദ്ധതികൾ പാതി വഴിയിലാണ് . ഇതിന്റെ പേരിൽ പലയിടത്തും നന്നായി കിടന്ന റോഡ് വെട്ടിപ്പൊളിച്ചു കുളമാക്കിയിരുന്നു. ഇതെല്ലാം നാട്ടുകാർ സഹിച്ചത് കുടിവെള്ളം എന്നും കിട്ടുമെന്ന് കരുതിയാണ് . എന്നാൽ വേനൽ ശക്തമായതോടെ പലയിടത്തും പൈപ്പുകളിൽ നിന്നും വെള്ളത്തിന് പകരം ഗ്യാസാണ് വരുന്നത്. പദ്ധതി കമ്മിഷൻ ചെയ്താൽ ഉടൻ പൈപ്പ് പൊട്ടിത്തെറിക്കും. വെള്ളം ശക്തമായ് ഒഴുകുമ്പോൾ പ്രഷർ താങ്ങാൻ പുതിയ പൈപ്പുകൾക്ക് കഴിയുന്നില്ലെന്നാണ് ഇതിന് ന്യായീകരണമായ് പറയുന്നത്. പഴയ പൈപ്പാണെങ്കിലും പുതിയ പൈപ്പാണെങ്കിലും എപ്പോൾ വേണമെങ്കിലുംപൊട്ടുമെന്ന അവസ്ഥയിൽ നേട്ടം കരാറുകാർക്കാണ്. ഉദ്യാഗസ്ഥ- കരാർ കൂട്ടുകെട്ട് സ്ഥിരം പൊട്ടലിന് പിന്നിലുണ്ടോ എന്ന സംശയവും നാട്ടുകാർക്കില്ലാതില്ല. .
ജാംബവാന്റെ കാലത്തെ സംവിധാനമാണ് ഇന്നും വാട്ടർ അതോറിറ്റിക്കുള്ളത് .പൈപ്പ് പൊട്ടിയാൽ പിക്കാസും മൺ വെട്ടിയുമായ് റോഡ് കുഴിച്ചു കുഴിച്ചു പൈപ്പ് കണ്ടെത്തി മാറ്റണം. പഴയ പൈപ്പ് എത്രയടി താഴ്ചയിലാണെന്ന് ദൈവം തമ്പുരാനല്ലാതെ ഒരു ജീവനക്കാരനും അറിയില്ല. ചന്തക്കടവ് റോഡ് സ്ഥിരം പൈപ്പ് പൊട്ടൽ കേന്ദ്രമാണ്. ടി.ബി റോഡിലേക്കുള്ള വഴിയിൽ പൈപ്പ് പൊട്ടിയത് നന്നാക്കാൻ ആരുമെത്തിയില്ല. പരാതിപ്പെട്ടു മടുത്തതോടെ മന്ത്രിയുടെ ഇടപെടൽ വരെ ഉണ്ടായി . അതോറിറ്റിക്കാർ അവസാനം വന്നെങ്കിലും പൊട്ടിയ പൈപ്പ് കുഴിച്ച് കണ്ടു പിടിക്കാൻ മൂന്നു ദിവസമെടുത്തു.പൊട്ടിയത് മാററി ജീവനക്കാർ പോയതിന് പിറകേ വീണ്ടും പൊട്ടി . മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കാതെ വെള്ളം പാഴായിക്കൊണ്ടിരിക്കുകയാണിപ്പോഴും.
പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കണ്ടെത്തണം. പഴയ പൈപ്പുകളാണ് വില്ലനെങ്കിൽ മാറ്റണം. അറ്റ കുറ്റ പണികൾക്ക് ആധുനിക സാങ്കേതിക വിദ്യ നടപ്പാക്കണം . സ്കാനറോ മറ്റോ ഉപയോഗിച്ച് പൊട്ടിയ സ്ഥലം കണ്ടെത്തി അറ്റകുറ്റ പണി വേഗത്തിൽ തീർക്കാനുള്ള സംവിധാനം വേണം നല്ല റോഡ് വെട്ടിപ്പൊളിച്ചിട്ട് ശവം മൂടുന്നത് പോലെ വെട്ടി മൂടി പോകുന്ന ഏർപ്പാടിനും മാറ്റം വരണം. കോട്ടയം കാരനായ ജലസേചന മന്ത്രി ഇതൊക്കെ ശ്രദ്ധിച്ചാൽ കൊള്ളാമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.