
അടിമാലി: അർദ്ധരാത്രിയിൽ നേര്യമംഗലം വനാതിർത്തിയിൽ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി വനംവകുപ്പുദ്യോഗസ്ഥമാറി.മൂന്നാർ സന്ദർശനത്തിനായി പോകുന്നവഴി കോഴിക്കോട് ബാലുശ്ശേരി സ്വദേശി സജിത്തും കുടുംബവും വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു വാളറ ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള വനത്തിൽ വാഹനം തകരാറിലായതിനെ തുടർന്ന് കുടുങ്ങിയത്.അർദ്ധരാത്രി സമയത്ത് വഴിയിലകപ്പെട്ട കുടുംബം ആശങ്കയിലായി.സഹായത്തിനായി മാർഗ്ഗമന്വേഷിച്ച് നടക്കുന്നതിനിടെ വെളിച്ചം കണ്ട് കുടുംബം വാളറ ഫോറസ്റ്റ് സ്റ്റേഷനിലേക്കെത്തി.പെരുവഴിയിൽ അകപ്പെട്ട കുടുംബത്തിന് വനപാലകർ സ്റ്റേഷനിൽ താമസ സൗകര്യമൊരുക്കി നൽകി.തകരാറിലായ വാഹനം വനംവകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തിച്ചു.കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ കഴിയാതെ വന്നതോടെ തുടർയാത്രക്ക് ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സിജി മുഹമ്മദ് തന്റെ സ്വന്തം വാഹനം വിട്ടു നൽകി.മൂന്നാർ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തി യന്ത്രത്തകരാറുകൾ പരിഹരിച്ച് സ്വന്തം വാഹനത്തിൽ തിരികെ നാട്ടിലേയ്ക്ക് പോയി.രാത്രികാലത്ത് കാട്ടാനയുടെ ഉൾപ്പെടെ സാന്നിദ്ധ്യമുള്ള പ്രദേശമാണ് നേര്യമംഗലം വനമേഖല.രാത്രികാലങ്ങളിൽ വനമേഖലയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണവും കുറവാണ്.സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.ടി. അരുൺ കുമാർ ,ലാലു കെ.എം., ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.എച്ച് അബു, ഷിയാദ്, ശ്രുതി മോൾ തങ്കപ്പൻ എന്നിവർ ചേർന്നാണ് സഞ്ചാരികൾക്ക് സഹായം ഒരുക്കിയത്.