മുണ്ടക്കയം: കുപ്പക്കയം മേഖലയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തോട്ടം മേഖല ഭീതിയിൽ. തോട്ടം തൊഴിലാളികളാണ് ഈ ഭാഗത്ത് പുലിയെ കണ്ടത്. പുലിയെത്തിയ സ്ഥലത്ത് കാമറ സ്ഥാപിക്കാനെത്തിയ വനപാലകർ പുലിയുടെ കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്.
കൊമ്പുകുത്തി മതമ്പ വനാന്തരങ്ങളിൽ നിന്നും കാടിറങ്ങിയ പുലിയെ രണ്ടാഴ്ച മുൻപാണ് ടാപ്പിംഗ് തൊഴിലാളിയായ ചെന്നാപ്പാറ മുകൾ സ്വദേശി മോഹനൻ കണ്ടിരുന്നു. എസ്റ്റേറ്റ് ഫിൾഡ് ഓഫിസർ റെജിയുടെ ക്വാർട്ടേഴ്‌സിന്റ സിറ്റൗട്ടിൽ എത്തിയ പുലി വളർത്തു നായയെ ആക്രമിച്ചിരുന്നു. ശബ്ദം കേട്ട് വീടിന്റെ വാതിൽ തുറന്ന റെജിയും പുലിയെ കണ്ടിരുന്നു. രണ്ട് ദിവസം മുൻപ് കുപ്പക്കയം സ്വദേശി വേണു എസ്റ്റേറ്റിലെ ജോലിക്കിടയിൽ രണ്ട് പുലികളെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് വനപാലകർ കുപ്പക്കയത്ത് കാമറ സ്ഥാപിച്ചത്. മതമ്പ ഡിവിഷൻ പ്രദേശങ്ങളിൽ ഇപ്പോൾ എസ്റ്റേറ്റ് ജോലികൾ നടക്കാത്തത് മൂലം തോട്ടം കാട് കയറി കിടക്കുകയാണ്. വന്യജീവികൾ കാടിറങ്ങാൻ ഒരു കാരണവും ഇതുതന്നെയാണ്. നിരവധി വളർത്തു നായ്കളെയും പശുക്കളെയും മേഖലയിൽ നിന്നും കാണാതായിട്ടുണ്ട്.

പുറത്തിറങ്ങാൻ ഭയം

പകൽ സമയത്ത് പോലും വീട്ടിൽ നിന്നും പുറത്തിറങ്ങാനാകാത്ത വിധം ഭയത്തോടെയാണ് തോട്ടം തൊഴിലാളികൾ ഇപ്പോൾ ലയങ്ങളിൽ കഴിയുന്നത്.

സർക്കാരിന്റെ ഭാഗത്ത് നിന്നും ക്രിയാത്മക സമീപനം ഇതുവരെ ഉണ്ടായിട്ടില്ല എന്ന ആക്ഷേപവും ശക്തമാണ്. കാമറകളുടെ കുറവാണ് അതിലേറെ പ്രശ്‌നമാകുന്നത്. ഒരു സ്ഥലത്ത് സ്ഥാപിച്ച കാമറയാണ് പിന്നീട് മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുന്നത്. അതുകൊണ്ടുതന്നെ പുലിയുടെ സാന്നിധ്യം കണ്ടെത്താനും വിഷമമാണ്.