പാലാ: മുനിസിപ്പൽ ചെയർമാൻ ഇടപെട്ടു, വഴിയരികിലെ വാരിക്കുഴികളിൽ ഒന്ന് നന്നാക്കി, ഇതുകൊണ്ടായില്ല. ഇനിയുമുണ്ട് ആളെക്കൊല്ലിക്കുഴികളേറെ.
പാലാ നഗരത്തിൽ ഓടയ്ക്ക് മുകളിലുള്ള ഗ്രില്ലും സ്ലാബുകളും തകർന്ന് അപകടനിലയിലായിരുന്നു. പരാതികൾ ഉയർന്ന സാഹചര്യത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞറേക്കര വിഷയത്തിൽ ഇടപെടുകയും തുരുമ്പെടുത്ത് അപകടാവസ്ഥയിലായ ഗ്രില്ലുകളും തകർന്ന സ്ലാബുകളും മാറ്റി സ്ഥാപിക്കണമെന്ന് പി.ഡബ്ലി.യു.ഡി അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടർന്നാണ് ഇന്നലെ പാലാ കുരിശുപള്ളി ജംഗ്ഷനിലുണ്ടായിരുന്ന തകർന്ന ഗ്രില്ല് മാറ്റി ഓടയ്ക്ക് മേലെ പുതിയ ഗ്രില്ലിട്ടത്. എന്നാൽ ഈ ഒരെണ്ണം മാത്രം നന്നാക്കിയിട്ട് കാര്യമില്ല. സ്റ്റേഡിയം കവലയിലും ടൗൺ ബസ് സ്റ്റാൻഡിന് സമീപത്തും റിവർവ്യൂ റോഡിൽ നിന്ന് കുരിശുപള്ളി കവലയിലേക്കുള്ള വഴിയിലും ഗ്രില്ലുകൾ തകർന്ന് അപകടാവസ്ഥയിലാണ്. മാത്രമല്ല നഗരത്തിലെ നടപ്പാതകളിൽ ടൈലുകൾ പൊട്ടിതകർന്നും കുഴികൾ രൂപപ്പെട്ടും കാൽനടയാത്ര ദുസഹമായിരിക്കുകയാണ്.