കോട്ടയം: ഓടികൊണ്ടിരുന്ന ട്രെയിന് മുകളിലേക്ക് പൊട്ടിവീണ റെയിൽവേ വൈദ്യുതി ലൈൻ പുനസ്ഥാപിച്ചു. ഞായറാഴ്ച്ച പുലർച്ചെ 2.40 ഓടെ വൈദ്യുതി ലൈനുകൾ പുനസ്ഥാപിച്ച് ട്രെയിൻ ഗതാഗതം സുഗമമാക്കി. ശനിയാഴ്ച കോട്ടയം-എറണാകുളം പാതയിൽ കോതനല്ലൂർ റെയിൽവേ ഗേറ്റിന് സമീപം തിരുവനന്തപുരം ന്യൂഡെൽഹി കേരള എക്പ്രസിന് മുകളിലേക്കാണ് റെയിൽവേ ട്രാക്കിന് മുകളിലൂടെയുള്ള വൈദ്യുതി ലൈൻ പൊട്ടി വീണത്. തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ട്രെയിൻ ഓട്ടോമാറ്റിക്കായി നിൽക്കുകയും ചെയ്തു. എറണാകുളത്ത് നിന്നെത്തിയ ഡീസൽ എൻജിൻ കേരളാ എക്‌സ്പ്രസിന്റെ മുന്നിൽ ഘടിപ്പിച്ചു ട്രെയിൻ മാറ്റി.
ട്രെയിനിന്റെ ഡി മൂന്ന് കമ്പാർട്ടുമെന്റിന്റെ മുകളിലേക്കാണ് കമ്പി പൊട്ടിവീണത്. ഹൈടെൻഷൻ ലൈനിലെ ക്രോസ് ബാറുകളും ലൈൻ പൊട്ടി വലിഞ്ഞതിനെ തുടർന്ന് ഒടിഞ്ഞു നശിച്ചു. അഞ്ചോളം ക്രോസ് ബാറുകളും തകർന്നിരുന്നു. പൊട്ടിപ്പോയ ലൈനുകളും അലൈൻമെന്റും മറ്റ് ടെക്‌നിക്കൽ കാര്യങ്ങളും പൂർത്തീകരിച്ച് ടെസ്റ്റ് ചെയ്തു. തീവണ്ടിയുടെ ഇലക്ട്രിക്കൽ എഞ്ചിന് പവർ കൊടുക്കുന്ന 25 കെ.വി ട്രാക്ഷൻ വയറുകൾക്ക് ഡാമേജ് സംഭവിച്ചതാണ് ലൈൻ പൊട്ടാൻ ഇടയായത്.