school

കോട്ടയം: പ്രിയങ്കക്കുട്ടീ ആ മാസ്‌ക് വേഗം ഇട്ടേ! സരിത ടീച്ചറിന്റെ സ്‌നേഹത്തോടെയുള്ള ശാസന കേട്ടപ്പോൾ നാല് വയസുകാരി പ്രിയങ്ക കൈയിൽ ചുരുട്ടി പിടിച്ചിരുന്ന കുഞ്ഞ് മാസ്‌ക്കെടുത്ത് മുഖത്തേക്ക് ഇട്ടു. എന്നിട്ട് ഫോട്ടോയ്ക്ക് അടിപൊളി ഒരു പോസും!
രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചതിന്റെ ഭാഗമായി കോട്ടയം ടൗൺ എൽ.പി.സ്‌കൂളിലെ പ്രീപ്രൈമറി ക്ലാസ്സിലെ കാഴ്ച്ചകളിലൊന്നായിരുന്നു ഇത്. ഓൺലൈനിൽ ടീച്ചർ പഠിപ്പിച്ച പാട്ടുകൾ നീട്ടി പാടുകയാണ് മറ്റൊരു മിടുക്കി. വീട്ടിലിരുന്ന് പഠിച്ച അക്ഷരങ്ങൾ സുന്ദരമായി എഴുതി സോനമോൾ. മാസ്‌ക്കിടാൻ ടീച്ചർമാർ നിർബന്ധിക്കുന്നതിനോടൊപ്പം കൂട്ടുകാരോട് മാസ്‌ക്കിടാൻ പറയുന്ന ഒരു കുഞ്ഞു കാന്താരി എല്ലാവരുടെയും ചുണ്ടിൽ ചിരി പടർത്തി. ഒരോയിടങ്ങളിലും ഓരോ കാഴ്ചകൾ.

2020 ൽ കൊവിഡ് മൂലം സ്‌കൂളുകൾ അടച്ച കൂട്ടത്തിൽ പ്രീപ്രൈമറി ക്ലാസ്സുകളും അടച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം കുഞ്ഞു കുട്ടികളുടെ ബഹളവും കൊഞ്ചലും ക്ലാസ്സ് മുറികളിലേക്കെത്തുമ്പോൾ അദ്ധ്യാപകരും സന്തോഷത്തിലാണ്. അങ്കണവാടികളും ഉണർന്നതോടെ പഴയകാലത്തേയ്ക്കുള്ള തിരിച്ചുവരവിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

മാസങ്ങൾക്ക് മുൻപ് ഒന്ന് മുതലുള്ള ക്ളാസുകൾ ആരംഭിച്ചിരുന്നെങ്കിലും മൂന്നാം തരംഗം എത്തിയതോടെ വീണ്ടും അടയ്ക്കുകയായിരുന്നു. അങ്കണവാടികളിൽ പാട്ടും കളികളും ബലൂണുമൊക്കെയായി വൻവരവേൽപ്പും ഒരുക്കി. ഓൺലൈൻ ക്ലാസ്സുകൾ ഉണ്ടായിരുന്നതിനാൽ മിക്ക കുട്ടികൾക്കും അക്ഷരവും പാട്ടുമെല്ലാം അറിയാം.


'' ഓൺലൈനിലൂടെ കണ്ട കൂട്ടുകാരനെ നേരിട്ട് കാണുന്നതിന്റെ സന്തോഷമാണ് കുട്ടികൾക്ക്. പ്രീപ്രൈമറി ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് എല്ലാവിധത്തിലുമുള്ള സുരക്ഷയും ഉറപ്പാക്കും. മാസ്‌ക്ക് കുട്ടികളെക്കൊണ്ട് നിർബന്ധമായും ധരിപ്പിക്കും''

- ആശാലത.കെ, ഹെഡ്മിസ്ട്രസ്സ്
(ടൗൺ എൽ.പി. എസ് കോട്ടയം)