kottayam

കോട്ടയം: ഹൃദയമാറ്റ ശസ്ത്രക്രിയകൾക്ക് പേരുകേട്ട കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി നടത്തിയ കരൾമാറ്റ ശസ്ത്രക്രിയയും പൂർത്തിയായി. ഇന്നലെ രാവിലെ ആറോടെ ആരംഭിച്ച ശസ്ത്രക്രിയ പുലർച്ചെ ഒരു മണിക്ക് ശേഷമാണ് അവസാനിച്ചത്. തൃശൂർ സ്വദേശി പ്രവിജയാണ് ഭർത്താവ് സുബീഷ് കരൾ നൽകിയത്.

രാജ്യത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയതും ആറ് വർഷം മുന്നേ കോട്ടയത്തായിരുന്നു. 2015 സെപ്തംബ‌ർ 14ന് രാജ്യത്തെ മെഡിക്കൽ കോളേജ് ആശുപത്രികളുടെ ചരിത്രത്തിൽ ആദ്യമായാണ് പത്തനംതിട്ട സ്വദേശിയായ വി. പൊടിമോനിൽ പുതിയ ഹൃദയമിടിച്ചത്. സർക്കാർ മേഖലയിൽ ഡൽഹി എയിംസിൽ മാത്രമായിരുന്നു മുമ്പ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. 2015നു ശേഷം ഏഴു തവണ കൂടി കോട്ടയം മെഡിക്കൽ കോളേജിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.

ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ. ടി. കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ഹൃദയ മാറ്റ ശസ്ത്രക്രിയ നടന്നത്. ഒരു ദിവസം പ്രായമായ കുട്ടിയിലിടക്കം ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയകളിലും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ രംഗത്തും ആശുപത്രി ഏറെ മുന്നിലാണ്. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിന് പുതുജൻമമേകാനും മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കഴിഞ്ഞു.