മുണ്ടക്കയം: കുടിയേറ്റമേഖലയുടെ ഏതു മുക്കിലും മൂലയിലും നൊടിയിടെ കുതിച്ചെത്താൻ മുണ്ടക്കയം പൊലീസ് റെഡി. സ്റ്റേഷന് ആഭ്യന്തരവകുപ്പ് ഫോഴ്‌സ് മോട്ടേഴ്‌സിന്റെ ഗൂർഖ എന്ന പുതിയ വാഹനം കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശില്പ മുണ്ടക്കയം സി.ഐ എ.ഷൈൻകുമാറിന് കൈമാറി. കോട്ടയം ജില്ലയിൽ അഞ്ച് പൊലീസ് സ്റ്റേഷനുകൾക്കാണ് ഗൂർഖ ജീപ്പുകൾ അനുവദിച്ചിരിക്കുന്നത്. മുണ്ടക്കയത്തിന് പുറമെ കോട്ടയം ഈസ്റ്റ്, എരുമേലി, മണിമല, മേലുകാവ് എന്നീ പൊലീസ് സ്റ്റേഷനുകൾക്ക് ജീപ്പ് കൈമാറിയിട്ടുണ്ട്. മുണ്ടക്കയം സ്റ്റേഷനിലെത്തിയ ഗൂർഖ ജീപ്പിനെ സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്വീകരിച്ചു. പ്രളയം പോലുള്ള അടിയന്തരഘട്ടങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് എത്തിച്ചേരാൻ ഗൂർഖ പോലുള്ള വാഹനങ്ങൾക്ക് സാധിക്കുമെന്ന് മുണ്ടക്കയം സി.ഐ എ.ഷൈൻ കുമാർ പറഞ്ഞു.

സേനയിൽ നിലവിലുള്ള സാധാരണ വാഹനങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത ദുർഘടപാതകൾ കീഴടക്കാൻ ഉദ്ദേശിച്ചാണ് പൊലിസ് പുതിയ വാഹനം ഏർപ്പെടുത്തിയത്. 13.59 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മോഡുലാർ ആർകിടെക്ചർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗുർഖ ഒരുങ്ങിയിട്ടുള്ളത്. എൽ.ഇ.ഡി. ഡി.ആർ.എല്ലും പ്രൊജക്ഷൻ ഹെഡ്‌ലൈറ്റും നൽകിയാണ് ഹെഡ്‌ലാമ്പ് ക്ലെസ്റ്റർ ഒരുങ്ങിയിട്ടുള്ളത്. മുണ്ടക്കയം സ്റ്റേഷൻ പരിധിയിലെ ഏതു മലമുകളിലും ഇനി പോലീസ് എത്തും. അതും ഗൂർഖ യുടെ സഹായത്തോടെ......