വൈക്കം : കൊവിഡ്‌ നിയന്ത്റണങ്ങളിൽ ഇളവുകൾ വരുത്തുന്ന സാഹചര്യത്തിൽ വൈക്കത്തപ്പന്റെ ഇഷ്ട വഴിപാടായ പ്രാതൽ പുന:രാംരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷം മുൻപാണ് പ്രാതൽ , അന്നദാനം, അത്താഴ ഊട്ട് എന്നിവ നിറുത്തലാക്കിയത്. അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധാനത്തിലെ പ്രധാന വഴിപാടാണ് പ്രാതൽ. ഇപ്പോൾ ഒരു പറ പ്രാതൽ വഴിപാട് നടത്തുന്നതിന് 3500 രൂപയാണ് ദേവസ്വം വാങ്ങുന്നത്. 2016 ൽ നിശ്ചയിച്ച രീതിയാണിതെന്നും വില നിലവാരം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പ്രാതലിന്റെ തുകയും പുതുക്കി നിശ്ചയിക്കണമെന്ന് ക്ഷേത്രം അധികൃതർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 27 ഇനം പല വ്യഞ്ജനവും, 24 ഇനം പച്ചക്കറിയും വേണം. ദേഹണ്ഡത്തിനും കറിക്ക് അരിയുന്ന പതിനാറന്മാർക്കും ഒരു വിഹിതം നല്കണം.