
കോട്ടയം: വിദേശത്തുമാത്രം കാണാനാകുമായിരുന്ന കാരവനുകൾ ഇനി ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസത്തിനും അഴകാകും. വിനോദസഞ്ചാരികൾക്കായി ഒരുക്കുന്ന സംസ്ഥാനത്തെ പ്രഥമ കാരവൻ പാർക്കിന് പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ വാഗമൺ വേദിയാകും. വേനലവധിക്ക് മുമ്പ് പാർക്ക് സജ്ജമാകും.
ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ആധുനിക സജ്ജീകരണങ്ങളുള്ള അടുക്കള, ഷവർ സൗകര്യങ്ങളുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി, ആധുനിക വാർത്താവിനിമയ സംവിധാനം എന്നിവയോട് കൂടിയതാണ് കാരവൻ. ഇനി കാരവനിൽ സഞ്ചരിച്ചും താമസിച്ചും ഭക്ഷണംകഴിച്ചും ഉറങ്ങിയും വാഗമണിന്റെയും കേരളത്തിന്റെയും സൗന്ദര്യം ആസ്വദിക്കാം.
സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെയാണ് ടൂറിസംവകുപ്പ് കാരവൻ ടൂറിസം പദ്ധതി ഒരുക്കുന്നത്. പദ്ധതി പ്രഖ്യാപിച്ച് മൂന്നുമാസത്തിനകം സ്വകാര്യമേഖലയിൽ നിന്ന് 303 കാരവനുകൾക്കായി 154 അപേക്ഷ ടൂറിസം വകുപ്പിന് ലഭിച്ചു. ആദ്യഘട്ടത്തിൽ 100 കാരവൻ പാർക്കുകൾക്കായി 67 സ്ഥാപനങ്ങൾ രംഗത്തുവന്നു. ഇതിൽ ആദ്യത്തേതാണ് വാഗമണിലേത്.
പാർക്ക് തുറക്കാൻ
ചുരുങ്ങിയത് 50 സെന്റ് ഭൂമി വേണം. പാർക്ക് തുറക്കുന്നവർക്ക് സബ്സിഡിയും ടൂറിസം വകുപ്പ് ലഭ്യമാക്കും. നിക്ഷേപത്തുകയുടെ അഞ്ചുശതമാനം മുതൽ 15 ശതമാനം വരെയാണിത്.
കാരവൻ ടൂറിസം
നെൽവയൽ, കൃഷി, ജലസംഭരണി, ഉൾനാടൻ മത്സ്യ ബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരഭങ്ങൾ, കലാകാരന്മാർ, കുടുംബശ്രീ സംരഭങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള പദ്ധതിയാണ് കാരവൻ ടൂറിസത്തിൽ വിഭാവനം ചെയ്യുന്നത്.