മണിമലയാറ്റിൽ മലിനജലം ഒഴുക്കി വ്യാപാരസ്ഥാപനങ്ങൾ

മുണ്ടക്കയം: എങ്ങനെ രോഗികളാകാതിരിക്കും... നൂറുകണക്കിനാളുകളുടെ ആശ്രയമായ മണിമലയാറ്റിലേക്കാണ് മാലിന്യക്കുഴൽ തുറന്നുവെച്ചിരിക്കുന്നത്. വറ്റിവരണ്ട മണിമലയാറ്റിലേക്ക് ഇപ്പോൾ ഒഴുകിയെത്തുന്നത് മലിനജലം മാത്രമാണ്. മുണ്ടക്കയം ടൗണിലെ വ്യാപാര സ്ഥാപനത്തിലെ മാലിന്യം അടങ്ങിയ മലിനജലമാണ് ഓടയിലൂടെ പാലത്തിന് സമീപം ഒഴുകിയെത്തുന്നത്. ടൗണിലെ കംഫർട്ട് സ്റ്റേഷനിലേത് അടക്കമുള്ള മാലിന്യങ്ങൾ മണിമലയാറ്റിലേക്ക് എത്തുമ്പോൾ ദുർഗന്ധപൂരിതമാകും. ആറ്റിൽ ഒഴുക്ക് നിലച്ചതോടെ ചെറിയ കുഴികളിൽ കിടക്കുന്ന വെള്ളവും മലിനമാകും. ഇതിനു താഴെയുള്ള ചെക്ക് ഡാമിലാണ് വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പദ്ധതിയുള്ളത്. ഇവിടെ നിന്നുമാണ് വിവിധ മേഖലയ്ക്ക് കുടിവെള്ളം എത്തിക്കുന്നത്. മാലിന്യജലം കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പ്രദേശവാസികൾ പറയുന്നു.

കടുത്ത പ്രതിഷേധം

മണിമലയാറ്റിലേക്ക് മാലിന്യക്കുഴൽ തുറന്നുവെച്ചിരിക്കുന്നത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. അടിയന്തരമായി പഞ്ചായത്ത് ഇടപെടണമെന്നും ഓടയിലേക്കുള്ള വ്യാപാരസ്ഥാപനങ്ങളുടെ മാലിന്യ പൈപ്പുകൾ എടുത്തുമാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.