
കോട്ടയം: സംസ്ഥാന സർക്കാർ ഏറ്റെടുത്ത കേരള പേപ്പർ പ്രൊഡക്ട്സിൽ (വെള്ളൂർ ന്യൂസ് പ്രിന്റ് ) പ്രവർത്തനോദ്ഘാടനം നടന്ന് മാസങ്ങളായിട്ടും ഉത്പാദനം ആരംഭിച്ചില്ല. യന്ത്ര സാമഗ്രികളുടെ അറ്റകുറ്റപണികളും മറ്റും ഇനിയും പൂർത്തിയായിട്ടുമില്ല. ഇതിന് ശേഷമേ ഉത്പാദനം ആരംഭിക്കാനാവകൂ. ഇതിനോടനുബന്ധിച്ച് ന്യൂസ് പ്രിന്റ് വളപ്പിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ച കിൻഫ്രയുടെ വ്യവസായ പാർക്കിന്റെയും സിയാൽ മോഡൽ റബർ ഫാക്ടറിയുടെയും പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല.
കേരള പേപ്പർ പ്രൊഡക്ടസ് നവീകരണത്തിന് 34.30 കോടിയുടെ പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത് . രണ്ടു ഘട്ടമായി അഞ്ചു മാസത്തിനുള്ളിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കാനാണ് ശ്രമം. പേപ്പർ മെഷീൻ പ്ലാന്റ്, ഡീ ഇങ്കിംഗ് പ്ലാന്റ്, പവർ ബോയ്ലർ ആന്റ് ടർബൈൻ ജനറേറ്റർ പ്ലാന്റ് എന്നിവയിലെ മെഷിനുകളുടെ അറ്റകുറ്റപണികളാണ് ആരംഭിച്ചത്. യന്ത്രങ്ങളിൽ പലതും കാലഹരണപ്പെട്ടതിനാൽ പ്രവർത്തന സജ്ജമാക്കാൻ ബുദ്ധിമുട്ടാണ് . പലതും മാറ്റേണ്ടി വരും. ഇതിന് കൂടുതൽ പണം വേണ്ടി വരും. സബ് സ്റ്റേഷൻ, കംപ്രസർ സിസ്റ്റം, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, പമ്പ് ഹൗസ് എന്നിവയും നവീകരിക്കണം. രണ്ടാം ഘട്ടത്തിൽ കെമിക്കൽ പൾപ്പിംഗ് പ്ലാന്റുകളുടെ നവീകരണം നടക്കും. ഈ അറ്റകുറ്റപണികൾ പൂർത്തിയായ ശേഷമേ റീസൈക്കിൾ ചെയ്ത പേപ്പറും ഇറക്കുമതി പൾപ്പും ഉപയോഗിച്ച് ന്യൂസ് പ്രിന്റ് ഉത്പാദനം നടക്കൂ. ഏപ്രിലിൽ ഉത്പാദനം തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ഇതിന് സാദ്ധ്യത കുറവാണ്.
മന്ത്രി ഇന്നെത്തും
കേരള പേപ്പർ പ്രൊഡക്ടസ് , വ്യവസായ പാർക്ക് എന്നിവയുടെ പ്രവർത്തനം വിലയിരുത്താൻ വ്യവസായ മന്ത്രി പി.രാജീവ് ഇന്ന് കേരള പേപ്പർ പ്രൊഡക്ടസ് സന്ദർശിക്കുന്നുണ്ട്.
നടന്നത് ഒാഫീസ് ഉദ്ഘാടനം മാത്രം
ആകെയുള്ള 700 ഏക്കറിൽ പേപ്പർ പ്രൊഡക്ടസ് പ്രവർത്തനത്തിന് ആവശ്യമായ ഭൂമി കഴിഞ്ഞുള്ള 300 ഏക്കർ സ്ഥലത്താണ് വ്യവസായ പാർക്കും റബർ പാർക്കും ആരംഭിക്കാനിരിക്കുന്നത്. റബർ പാർക്ക് എം.ഡിയായി മുൻ റബർ ബോർഡ് ചെയർപേഴ്സൺ ഷീലാ തോമസിനെ നിയമിച്ച്, ഓഫീസ് ഉദ്ഘാടനം നടത്തിയതൊഴിച്ചാൽ മറ്റു പ്രവർത്തനങ്ങൾ ആയിട്ടില്ല . പഴയ ന്യൂസ് പ്രിന്റ് ഫാക്ടറിയും കെട്ടിടങ്ങളും ജീവനക്കാരുടെ ക്വാർട്ടേഴ്സുമെല്ലാം കഴിഞ്ഞാൽ വ്യവസായ പാർക്കിന് ആവശ്യമായ സ്ഥലമില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. വൈക്കം അഡീഷണൽ തഹസിൽദാർ നടത്തിയ പരിശോധനയിൽ 300 ഏക്കർ സ്ഥലം വ്യവസായ പാർക്കിന് കണ്ടെത്താൻ കഴിഞ്ഞില്ല. സ്ഥലം സംബന്ധിച്ച് ധാരണ ആകാത്തതിനാൽ സർവേ നടപടികളും പൂർത്തിയായിട്ടില്ല.
ഇനിയും തീരാതെ അറ്റകുറ്റപണികൾ
യന്ത്രങ്ങളിൽ പലതും കാലഹരണപ്പെട്ടത്
പ്രവർത്തനത്തിന് 34 കോടി തികയില്ല
വ്യവസായ പാർക്ക്, റബർ ഫാക്ടറി വൈകും
.