കുറിച്ചി: മഴക്കാലത്ത് വെള്ളപ്പൊക്കവും വേനൽകാലത്ത് കടുത്ത വരൾച്ചയും നേരിടുന്ന കുറിച്ചി ഗ്രാമപഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കിണറുകൾ വറ്റിവരണ്ടതോടെ ഒരുമാസമായി വാഹനങ്ങളിൽ കുടിവെള്ളമെത്തിക്കുകയാണ് പ്രദേശവാസികൾ.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭൂഗർഭജലവകുപ്പിന്റെ നേതൃത്വത്തിൽ മുൻ പള്ളം ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഇടപെട്ട് കുഴൽകിണറുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പദ്ധതികളായി മാറിയില്ല. പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ ഫണ്ട് ഭൂഗർഭജലവകുപ്പിന് പള്ളം ബ്ലോക്ക് പഞ്ചായത്ത് കൈമാറിയെങ്കിലും ഉദ്യോഗസ്ഥ തലത്തിലുള്ള കാലതാമസമാണ് പദ്ധതി നടത്തിപ്പിന്റെ മെല്ലപ്പോക്കിന് കാരണം. പൊൻപുഴ പൊക്കം, കുമരംകുളം, കേളൻകവല, പുത്തൻകോളനി, നാൽപതാംകവല, സചിവോത്തമപുരം കോളനി, ഹോമിയോകോളേജ്, എണ്ണയ്ക്കാച്ചിറ, ഫ്രഞ്ച്മുക്ക്, ആനക്കുഴി, മലകുന്നം, ചാമക്കുളം, പൊടിപ്പാറ, കണ്ണന്ത്രപ്പടി, കാർഗിൽ, വാഴയിൽഭാഗം, പുളിമൂട്, പീച്ചാങ്കേരി, കുരട്ടിമല തുടങ്ങി മിക്ക വാർഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.
പദ്ധതികൾ പൂർത്തിയാക്കണം
ഗ്രാമപഞ്ചായത്ത് ഇടപെട്ട് കിയോസ്‌ക് വാട്ടർടാങ്കുകളിലും വാഹനങ്ങളിലും കുടിവെള്ളം വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. ഭൂഗർഭജലവകുപ്പിന്റെ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ ഇടപെടണമെന്ന് ഇത്തിത്താനം വികസനസമിതിയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഡോ. റൂബിൾരാജ്, പ്രസന്നൻ ഇത്തിത്താനം, സ്‌കറിയാ ആന്റണി, ജോസ് തെക്കേക്കര, അമൽ ഐസൺ, ബിനിൽ സി തുടങ്ങിയവർ സംസാരിച്ചു.