വ്യാപാരികൾക്ക് ഉൾപ്പെടെ തലവേദനയായി
പൊൻകുന്നത്തെ വൈദ്യുതി മുടക്കം
പൊൻകുന്നം: കേട്ട് കേട്ട് ചെവി തഴമ്പിച്ചു... ഇന്ന് വൈദ്യുതി മുടങ്ങും! പൊൻകുന്നം നിവാസികളെ തേടിയെത്തുന്ന പതിവ് വാർത്തയായി ഇത് മാറി. എല്ലാദിവസവും വൈദ്യുതി ഓഫീസിൽനിന്നുള്ള അറിയിപ്പുണ്ടാകും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.തലേദിവസമേ കാര്യം പറയുന്നുണ്ടല്ലോ,അതുമാത്രമാണ് ഒരാശ്വാസം. അടിക്കടി വൈദ്യുതി മുടങ്ങുന്നതിനു പരിഹാരം കാണാനായി പൊൻകുന്നം ടൗണിലും പരിസരപ്രദേശങ്ങളിലും പകൽമുഴുവൻ വൈദ്യുതി മുടങ്ങുന്ന പരിപാടി തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. ലൈൻ എ.ബി.സി സിസ്റ്റത്തിലേക്ക് മാറ്റുന്നതാണ് കാരണം. വ്യാപാരികളും മറ്റ് സ്ഥാപനഉടമകളും മാത്രമല്ല പ്രതിഷേധവുമായി രംഗത്തുവന്നവരിൽ സർക്കാർ ഓഫീസിലെ ജീവനക്കാരുമുണ്ട്. കാരണം വൈദ്യുതി ഇല്ലെങ്കിൽ സകലതും സ്തംഭനത്തിലാണ്.ചെറുകിട വ്യാപാരസ്ഥാപനങ്ങളിലൊന്നും ജനറേറ്റർ സൗകര്യമില്ല.ഹോട്ടൽ ,കോൾഡ് സ്‌റ്റോറേജ്,കൂൾബാർ,പഴം പച്ചക്കറി കടകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും വലിയ നഷ്ടത്തിലാണ്.
എങ്ങനെ തുറക്കും
കടകൾ തുറക്കാനും തുറക്കാതിരിക്കാനും പറ്റാത്ത സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു.സർക്കാർ ഓഫീസുകളിലെല്ലാം സേവനം ഓൺലൈനായതിനാൽ പൊൻകുന്നം മിനിസവിൽസ്റ്റേഷനിലെ ഓഫീസുകളെല്ലാം പണിമുടക്കിലാണ്.കാരണം ഇവിടെ ജനറേറ്റർ രണ്ടെണ്ണമുണ്ട് രണ്ടും പ്രവർത്തിക്കുന്നില്ല.പണി ഒന്നും നടന്നില്ലെങ്കിലും സ്ഥാപനങ്ങൾ തുറന്ന് ചൂട് സഹിച്ച് ഇരിക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്.ഇനി ഒരാഴ്ചകൂടി പണി ഉണ്ടാകും എന്നാണ് വൈദ്യുതി വകുപ്പിൽ നിന്നുള്ള അറിയിപ്പ്.