കോട്ടയം: ഏറ്റുമാനൂർ പേരൂർ പുളിമൂട് ജംഗ്ഷനിലെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടർ തകർത്തു മോഷണത്തിന് ശ്രമിച്ചയാൾ പിടിയിൽ. ആലപ്പുഴ സ്വദേശി അപ്പുനെയാണ് പൊലീസ് പിടികൂടിയത്. എ.ടി.എമ്മിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതി ഇയാൾ തന്നെയാണെന്ന് വ്യക്തമായത്. ജനുവരി 30ന് പുലർച്ചെ 2.30നായിരുന്നു മോഷണശ്രമം. കൊല്ലം ചാമക്കടയിൽ എ.ടി.എം തകർത്ത കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി ഒന്നിനാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് ഇയാൾ പുറത്തിറങ്ങിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കോട്ടയം ഡി.വൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ എസ്.എച്ച്.ഒ രാജേഷ്‌കുമാർ, എസ് ഐ പ്രശോഭ്, എ.എസ്.ഐ പ്രദീപ്, ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.സി.പി.ഒ മാരായ പ്രവീൺ പി നായർ, അനീഷ്, പ്രവിനോ, രാകേഷ് ഏറ്റുമാനൂർ സ്റ്റേഷൻ സി.പി.ഒ മാരായ ജ്യോതി കൃഷ്ണൻ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.