പാലാ: നഗരസഭ ചെയർമാൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ധിക്കാരം നിറഞ്ഞ മറുപടിക്കെതിരെ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ രൂക്ഷവിമർശനം. നഗരസഭ ചെയർമാൻ ആവശ്യപ്പെട്ടിട്ടും രേഖാമൂലം ആശുപത്രി സൂപ്രണ്ട് മറുപടി നൽകാത്തത് ഗുരുതര വീഴ്ചയാണെന്നും ഇത് അംഗീകരിച്ച് കൊടുക്കാനാകില്ലെന്നും കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി ചൂണ്ടിക്കാട്ടി.അതേസമയം ആശുപത്രി സൂപ്രണ്ടിനോട് നിർബന്ധമായും കത്ത് വാങ്ങുമെന്ന് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര കൗൺസിലിന് ഉറപ്പുനൽകി. ഇടയ്ക്ക് കത്ത് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിനെ വിളിച്ചിരുന്നുവെങ്കിലും കൊവിഡ് പിടിപെട്ടതിനാലാണ് മറുപടി അയയ്ക്കാൻ കഴിയാത്തതെന്നാണ് സൂപ്രണ്ട് വിശദീകരിച്ചതെന്ന് ചെയർമാൻ പറഞ്ഞു. എന്നാൽ 7 ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് കത്ത് കൊടുത്തിട്ട് 17 ദിവസം കഴിഞ്ഞിട്ടും മറുപടി കിട്ടാത്തതിന് എന്ത് ന്യായീകരണമാണ് നിരത്താനുള്ളതെന്ന് പ്രൊഫ. സതീഷ് ചൊള്ളാനി ചോദിച്ചു. ഇതു സംബന്ധിച്ച് ' കേരളകൗമുദി ' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയും പ്രൊഫ. സതീഷ് ചൊള്ളാനി ചൂണ്ടിക്കാട്ടി. എന്തായാലും ഇന്ന് വിശദീകരക്കത്ത് വാങ്ങിയിരിക്കുമെന്ന് ചെയർമാൻ പറഞ്ഞു. അഡ്വ. ബിനു പുളിക്കക്കണ്ടം, ബൈജു കൊല്ലംപറമ്പിൽ, ഷാജു തുരുത്തൻ, വി.സി. പ്രിൻസ്, മായ രാഹുൽ, ജോസിൻ ബിനോ, തോമസ് പീറ്റർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.