പാലാ: പുതിയ ടി.വി. , ഫ്രിഡ്ജ് വേണോ? 2500 രൂപാ ആദ്യം തരൂ ....കൊടുത്താൽ പിന്നെ ആളെ മഷിയിട്ടു നോക്കിയാൽ കാണില്ല അന്തർജില്ലാ തട്ടിപ്പുകാരനെപ്പറ്റി പരാതിയേറി.ഒടുവിൽ സഹികെട്ട പാലാ പൊലീസ്, വനിതാ പൊലീസുകാരിയെക്കൊണ്ടു വിളിപ്പിച്ചു; തട്ടിപ്പുകാരൻ പാഞ്ഞെത്തി, പിടിയിലുമായി.സംസ്ഥാനത്തെ 14 ജില്ലകളിലും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്നു വാഗ്ദാനം ചെയ്ത് അഡ്വാൻസ് വാങ്ങി സാധനം നൽകാതെ തട്ടിപ്പു നടത്തുന്ന വയനാട് സ്വദേശി ബെന്നി (43) ആണ് പിടിയിലായത്. കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് പാലാ മേഖലയിലെ പല വീടുകളിൽ നിന്നും അഡ്വാൻസായി ഇയാൾ തുക കൈപ്പറ്റിയിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ സാധനം ലഭിക്കാതെ വരുമ്പോൾ വിളിക്കുന്ന ആളുകളോട് മോശമായി സംസാരിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇയാൾ വിവിധ ജില്ലകളിൽ നിന്നായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പാലാ സി.ഐ കെ.പി ടോംസൺ പറഞ്ഞു.ഇയാളുടെ മുറിയിൽ നിന്ന് 400 ജോഡി ചെരിപ്പുകളും പൊലീസ് കണ്ടെടുത്തു. തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെരുപ്പുകൾ വാങ്ങി കൂട്ടുന്നതിനും മദ്യപാനത്തിനും തിരുമ്മു ചികിത്സയ്ക്കുമാണ് ഇയാൾ ചെലവഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സമാനരീതിയിലുള്ള തട്ടിപ്പ് ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ആറുമാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് കണ്ണൂർ കേളകം പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. പാലാ സി.ഐ കെ.പി ടോംസൺ, എസ് ഐ അഭിലാഷ് എം ഡി, എഎസ്‌ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനുമോൾ, ഷെറിൻ സ്റ്റീഫൻ ഹരികുമാർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്‌