teddy

കോട്ടയം: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിക്കൊപ്പം വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ആലുവയിൽ നിന്ന് കുമാരനല്ലൂരിൽ എത്തിയ നാലു കുട്ടികളെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആലുവയിൽ നിന്ന് കുമാരനല്ലൂർ സ്വദേശിയായ പെൺകുട്ടിയെ കാണാൻ ഇന്നോവ വാടകയ്ക്ക് എടുത്ത് എത്തുകയായിരുന്നു. ഇവർ പെൺകുട്ടിയുടെ വീട്ടിലേയ്ക്കുള്ള വഴിയറിയാതെ തലങ്ങും വിലങ്ങും പോകുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാർ സംസാരിച്ചപ്പോഴാണ് വാലന്റൈൻസ് ഡേ ആഘോഷിക്കാനെത്തിയതാണെന്ന് മനസിലായത്. ഇതോടെ നാട്ടുകാർ ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി കുട്ടികളെ സ്‌റ്റേഷനിലേയ്ക്കു കൊണ്ടു പോയി. തുടർന്ന് മാതാപിതാക്കളെ വിളിച്ചു വരുത്തി ഒപ്പം വിട്ടയച്ചു.