
 ലൈവ് ഡോണർ വിഭാഗത്തിൽ സർക്കാർ മേഖലയിലെ ആദ്യ ശസ്ത്രക്രിയ
കോട്ടയം: സർക്കാർ മെഡിക്കൽ കോളേജുകളുടെ ചരിത്രത്തിൽ പുതിയൊരു ഏട് എഴുതി ച്ചേർത്ത് കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കുന്നംകുളം സ്വദേശി സുബീഷിനാണ് ഭാര്യ പ്രവിജയുടെ കരൾ വച്ചുപിടിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ പുലർച്ചെ ആരംഭിച്ച ശസ്ത്രക്രിയ 18 മണിക്കൂർ നീണ്ടു.
സർക്കാർ ആശുപത്രികളിൽ ലൈവ് ഡോണർ (ജീവിച്ചിരിക്കുന്നയാൾ കരൾ നൽകുന്ന രീതി) ആയിട്ടുള്ള ആദ്യ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ നടന്നത്. ഇതിനു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും അത് മരിച്ചയാളുടെ കരൾ വച്ചുപിടിപ്പിക്കുകയായിരുന്നു. മാത്രമല്ല, ശസ്ത്ര ക്രിയ വിജയകരമായിരുന്നുമില്ല.
ഒരു പറ്റം ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കൽ ടെക്നീനീഷ്യൻമാരുടെയും കഠിന പ്രയത്നമാണ് ഈ ശസ്ത്രക്രിയയെ വിജയത്തിലെത്തിച്ചത്. ഡോ. ഡൊമിനിക് മാത്യു, ഡോ.ജീവൻ ജോസ്. ഡോ. തുളസി കോട്ടായി, ഓങ്കോളജി സർജറി വിഭാഗം മേധാവി ഡോ. ടി വി മുരളി , ജനറൽ സർജൻ ഡോ.ജോസ് സ്റ്റാൻലി, ഡോ.മനൂപ്, ഗാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ.എസ് സിന്ധു, അനസ്ത്യേഷ്യ വിഭാഗം മേധാവി ഡോ. ഷീലാ വർഗീസ്, ഡോ.സോജൻ, ഡോ.അനിൽ, ഡോ. ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നഴ്സ് സുമിത, നഴ്സുമാരായ അനു, ടിന്റു, ജീമോൾ, തീയേറ്റർ ടെക്നീഷ്യൻമാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി, തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരായ ഷബീർ അലി, ഷിറാസ്, ഹാഷിർ, മനോജ് കെ.എസ് , ഓപ്പറേഷൻ തിയേറ്റർ ഹെഡ് നഴ്സ് ഗോകുൽ, ഐ.സി.യു സീനിയർ നഴ്സ് ലിജോ , ടെക്നീഷ്യൻ അഭിനന്ദ്, ട്രാസ് പ്ലാന്റ് കോ ഒാഡിനേറ്റർമാരായ ജിമ്മി ജോർജ്, നീതു, സീനിയർ നഴ്സ് മനു, ടെക്നീഷ്യന്മാരായ സാബു, ജയമോഹൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയിൽ പങ്കാളികളായത് . മുഴുവൻ സമയവും ഇവർക്ക് നിർദേശങ്ങളുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറും ഉണ്ടായിരുന്നു.
 വാലന്റൈൻസ് ഡേയിൽ കരൾ പകുത്തു നൽകി പ്രവിജ
കോട്ടയം: യാദൃച്ഛികമെങ്കിലും, പ്രണയിനികൾ സമ്മാനങ്ങൾ കൈമാറുന്ന വാലന്റൈൻസ് ഡേയിലാണ് പ്രവിജ സ്വന്തം കരൾ ഭർത്താവിന് പകുത്തുനൽകിയത്. പഴക്കച്ചവടക്കാരനായ സുബീഷിന് ആറ് വർഷം മുൻപ് കരൾ രോഗം കണ്ടെത്തിയതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കുറേക്കാലം ചികിത്സ നടത്തി. ചെലവുകൾ താങ്ങാൻ പ്രയാസമായതിനാൽ കഴിഞ്ഞ വർഷം മുതൽ ചികിത്സ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്.