
അടിമാലി: ഏറെനാളുകൾക്ക് ശേഷം മൂന്നാർ ടൗണിൽ വീണ്ടും കാട്ടാനയിറങ്ങി.മൂന്നാർ ടൗണിലെ ആർ ഒ ജംഗ്ഷന് സമീപം എത്തിയ പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പൻ വഴിയോരകടക്കുള്ളിൽ നിന്നും ഭക്ഷ്യ സാധങ്ങൾ ഭക്ഷിച്ചു.മുമ്പ് രാത്രികാലത്ത് കാട്ടുകൊമ്പന്റെ സാന്നിദ്ധ്യം മൂന്നാർ ടൗണിൽ സ്ഥിരമായുണ്ടായിരുന്നു.പിന്നീട് കുറച്ചു കാലത്തേക്ക് ശല്യം ഉണ്ടായിരുന്നില്ല.കാട്ടുകൊമ്പൻ വീണ്ടും രാത്രികാലത്ത് ടൗണിലിറങ്ങി തുടങ്ങിയത് വ്യാപാരികൾക്കിടയിൽ വീണ്ടും ആശങ്കക്ക് ഇടവരുത്തിയിട്ടുണ്ട്.
മൂന്നാർ ടൗണിലെത്തുന്ന കാട്ടാനകൾ പെട്ടിക്കടകൾ തകർത്ത് സ്ഥിരമായി നാശനഷ്ടം വരുത്തുന്നത് ആളുകൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.കാട്ടാനകൾ ടൗണിലേക്ക് പ്രവേശിക്കുന്നത് തടയാൻ വനംവകുപ്പിന്റെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടാകണമെന്നായിരുന്നു ആവശ്യം.പിന്നീട് മഴക്കാലമെത്തിയതോടെ കാട്ടാന ശല്യം കുറഞ്ഞു.വീണ്ടും വേനൽകനക്കുന്ന സാഹചര്യത്തിൽ കാട്ടാനശല്യം ഏറുമോയെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്.മൂന്നാറിലെ തോട്ടം മേഖലകളിലും കാട്ടാന ശല്യം ഇനിയും അവസാനിച്ചിട്ടില്ല.