
കോട്ടയം: റോഡരികിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്ക് തീപിടിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെ ഈരയിൽക്കടവ് ബൈപ്പാസിൽ മുപ്പായിപ്പാടം റോഡിലായിരുന്നു സംഭവം. തീ ആളിപ്പടർന്ന് പ്രദേശത്തെ മരത്തിലേയ്ക്കും വ്യാപിച്ചു. തുടർന്ന്, പ്രദേശവാസികൾ വിവരം നഗരസഭ പ്രതിപക്ഷ കൗൺസിലർ അഡ്വ. ഷീജ അനിലിനെയും അഗ്‌നിശമനസേനയെയും അറിയിച്ചു. സീനിയർ ഫയർ ഓഫീസർ പി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തീ അണച്ചു. രാത്രിയിൽ വലിയ തോതിൽ മാലിന്യം തള്ളുന്നത് ഇവിടെ പതിവാണ്. രാത്രി കാലത്ത് വാഹനങ്ങളിൽ എത്തുന്ന സംഘം കക്കൂസ് മാലിന്യം അടക്കം റോഡിൽ തള്ളാറുണ്ട്. രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.