sad

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയയുടെ വിജയത്തിൽ ഡോക്ടർ മാരുടെ സംഘത്തോടൊപ്പം സഹകരണ മന്ത്രി വി.എൻ.വാസവനും അഭിമാനിക്കാം.

" മുൻ ആരോഗ്യ വകുപ്പു മന്ത്രി ശൈലജ താത്പര്യമെടുത്താണ് ഉദര ശസ്ത്രക്രിയാവിഭാഗം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ആരംഭിക്കുന്നത്. ധനകാര്യ വകുപ്പിൽ നിന്ന് മതിയായ ഫണ്ടും ബഡ്ജറ്റിൽ അനുവദിപ്പിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയും നൽകി. അതുകൊണ്ടാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയത്. കരൾ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിൽ ചികിത്സയിലുള്ള സുബീഷ്, കരൾ നൽകിയ ഭാര്യ പ്രവിജ എന്നിവരുമായി വീഡിയോകോളിൽ സംസാരിച്ചു. രണ്ടു പേരും സന്തോഷം പങ്കുവെച്ചു. " മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

മൂന്നു വർഷം മുമ്പ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജിന് കരൾ രോഗമെന്ന് കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ഗാസ്ട്രോ സർജറി വിഭാഗം ഇല്ലാത്തതിനാൽ. ചെന്നൈ ഗ്ലോബൽ ആശുപത്രിയിൽ അരക്കോടിയോളം രൂപ ചെലവാക്കിയായിരുന്നു ശസ്ത്രക്രിയ. കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും സാധാരണക്കാർക്ക് കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ കഴിയണമെന്ന ആഗ്രഹത്തോടെ ചെന്നൈയിൽ നിന്ന് മടങ്ങി എത്തിയ ശേഷം ഗ്യാസ്ട്രോ സർജറി വിഭാഗം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നതിനുള്ള പദ്ധതി വികസന സമിതിയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടി. വാസവന് അന്നത്തെ ആരോഗ്യ, ധനകാര്യമന്ത്രിമാർ പിന്തുണ നൽകിയതോടെയാണ് 2021 ഫെബ്രുവരി19ന് ഗാസ്ട്രോ സർജറി വിഭാഗം പ്രവർത്തനം ആരംഭിക്കാനായത്.

നിരവധി ഹൃദയ ശസ്ത്രക്രിയകൾ നടത്തിയതിന് പിറകേ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയയും വിജയകരമായി നടത്താൻ കഴിഞ്ഞത് മെഡിക്കൽ ടീമിന്റെ പ്രവർത്തനത്തിനൊപ്പം വി.എൻ.വാസവന്റെ മൂന്നു വർഷത്തെ അദ്ധ്വാനത്തിന്റെ കൂടി നേട്ടമാണ് .

മന്ത്രി വാസവന്റെ അടുത്ത ലക്ഷ്യം

 ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയും അധികം വൈകാതെ നടത്തും

 കോട്ടയം മെഡിക്കൽ കോളേജ് ഏറ്റവും മികച്ച മൾട്ടി സ്പെഷ്യാലിറ്റിയാക്കും

 കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തും

 ഗൈനക്കോളജി വിഭാഗവും കുട്ടികളുടെ വിഭാഗവും ഒരു കെട്ടിടത്തിലാക്കും .

'സർക്കാർ ആശുപത്രികളിൽ ആദ്യമായി വിജയകരമായ കരൾ മാറ്റ ശസ്ത്രക്രിയ നടക്കുന്നത് കോട്ടയത്താണ്. കുറഞ്ഞ ചെലവിൽ ഏതൊരു സാധാരണക്കാരനും ഇനി ഈ ശസ്ത്രക്രിയ പ്രയോജനപ്പെടുത്താം.'

വി.എൻ. വാസവൻ,മന്ത്രി