shahana

കോട്ടയം: ഒഴിവുള്ളപ്പോഴെല്ലാം റോഡരികിൽ പെട്ടി ഓട്ടോയിൽ കപ്പ വിൽപ്പന. ഒപ്പം ബി.കോം പഠനവും പാട്ടും. കുമ്മനം ആശാരിമറ്റം ഷാഹുൽ ഹമീദിന്റെ മകൾ ഷഹനയെ വ്യത്യസ്തയാക്കുന്നത് ഇതാണ്. കപ്പ വിറ്റു കിട്ടുന്ന കാശ് മുഴുവൻ വൈകിട്ട് വാപ്പായെ ഏൽപ്പിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് ഈ പെൺകുട്ടി അന്തസോടെ പറയുന്നു. മണർകാട് എം.ഇ.എസ് കോളേജ് മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയാണ്.

മെഡിക്കൽ കോളേജിന് സമീപം പനമ്പാലത്ത് പെട്ടി ഓട്ടോയിലാണ് അവധി ദിവസങ്ങളിലെ കച്ചവടം. രാവിലെ കപ്പയുമായി ഷാഹുൽ ഹമീദ് പനമ്പാലത്തെ വഴിയോരത്തെത്തും. കോളേജിൽ പോകേണ്ടാത്ത ദിവസങ്ങളിൽ പുസ്തകവുമായി ഷഹനയുമുണ്ടാവും. പഠനവും കച്ചവടവും ഒരുപോലെ പോകും. അഞ്ച് കിലോ കപ്പയ്ക്ക് നൂറ് രൂപ നിരക്കിലാണ് വിൽക്കുന്നത് . ഗായിക കൂടിയായ ഈ പെൺകുട്ടി കൈരളി ടീവിയിലെ പട്ടുറുമാൽ റിയാലിറ്റി ഷോയുടെ ഓഡീഷനിൽ മൂന്നാം തലംവരെയെത്തിയിട്ടുണ്ട്. കല്ല്യാണത്തലേന്നുള്ള മൈലാഞ്ചിയിടീൽ, ഗാനമേളകൾ തുടങ്ങി പാട്ട് പാടാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. ശാസ്ത്രീയ സംഗീതം രണ്ട് വർഷം അഭ്യസിച്ചിട്ടുണ്ട്.

മകൾ കൂടെ നിന്ന് സഹായിക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് ഷാഹുൽ ഹമീദാണ്.

വിദ്യാഭ്യാസത്തിന് ശേഷം സ്വന്തമായി സംരംഭം തുടങ്ങുകയാണ് തന്റെ ആഗ്രഹം എന്ന് ഷഹന പറയുന്നു. മാതാവ് ആരിഫ. സഹോദരിമാർ: ഷൈമ, ഷഫ്‌ന.

'' ആൺകുട്ടികൾ ഇല്ലാത്ത വാപ്പയ്ക്ക് സഹായമാകട്ടെന്ന് ഓർത്താണ് ഈ രംഗത്തേയ്ക്കിറങ്ങിയത്. സമീപത്തെ കച്ചവടക്കാരും വീട്ടുകാരും പിന്തുണ നൽകുന്നുണ്ട്'' - ഷഹന