വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കീഴേടമായ വടക്കേനട കൃഷ്ണൻ കോവിൽ നവഗ്രഹ ക്ഷേത്രത്തിലെ പുന: പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. തന്ത്രിമാരായ ഭദ്റകാളി മ​റ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി, പുലിയന്നൂർ രാഹുൽ നാരായണൻ, മേൽശാന്തി ഉണ്ണി പൊന്നപ്പൻ തുടങ്ങിയവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

ഇന്ന് അഗ്‌നി ജനനം, നവീകരണ പ്രായശ്ചിത്ത കലശപൂജ, നവീകരണ പ്രായശ്ചിത്ത ഹോമം, ബ്രഹ്മകലശ പൂജ, കലശാഭിഷേകം, അധിവാസ ഹോമം, അധിവാസ പൂജ എന്നിവ നടക്കും. വൈകിട്ട് 6 ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പുനരുദ്ധാരണ സമർപ്പണം നിർവഹിക്കും. മെമ്പർമാരായ പി.എം.തങ്കപ്പൻ, മനോജ് ചരുളയിൽ കമ്മിഷണർ ബി.എസ്.പ്രകാശ് എന്നിവർ പങ്കെടുക്കും. പ്രതിഷ്ഠാ ദിനമായ നാളെ അധിവാസ വിടർത്തൽ, മരപ്പാണി എന്നിവയ്ക്ക് ശേഷം രാവിലെ 6.54 നും 8.22 നും ഇടയിൽ പുന:പ്രതിഷ്ഠ. തുടർന്ന് ബ്രഹ്മകലശാഭിഷേകം, ദ്റവ്യകലശം, നാദസ്വരമേളവും അന്നദാനവും ഉണ്ടാവും.