വൈക്കം : കൊവിഡ് നിയന്ത്റണങ്ങളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമിയ്ക്ക് എഴുന്നള്ളത്ത് പോകുന്ന വഴിയിൽ ഭക്തർക്ക് പതിവ് രീതിയിൽ പറ വഴിപാട് സമർപ്പിക്കുന്നതിന് അനുമതി നല്കണമെന്ന് വൈക്കം ക്ഷേത്ര ഉപദേശകസമിതി ദേവസ്വം അധികാരികളോട് ആവശ്യപ്പെട്ടു. 23 നാണ് കുംഭാഷ്ടമി. വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും ഒന്നിച്ച് വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് വാഴമന, കൂർക്കശ്ശേരി, കള്ളാട്ടുശ്ശേരി എന്നിവിടങ്ങളിലേക്കുള്ള എഴുന്നള്ളത്താണ് കുംഭാഷ്ടമിയുടെ പ്രധാന ചടങ്ങ്. ഭഗവാന്റെ അധീനതയിലുള്ള കൃഷിഭൂമി കാണാൻ വരുന്നതായാണ് ഐതിഹ്യം. ഭക്തർ നിറദീപവും നിറപറയും ഒരുക്കിയാണ് വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനേയും വരവേൽക്കുന്നത്. 1500 പേർക്ക് പ്രവേശനം നല്കുമെന്നും കൂടതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിലും കുംഭാഷ്ടമി പതിവ് രീതിയിൽ നടത്തുവാനും വരവേല്പ് , നിറപറ എന്നിവ സമർപ്പിക്കുന്നതിന് അനുമതി നല്കണമെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് അഡ്മിനിസ്‌ട്രേ​റ്റിവ് ഓഫീസർ എം.ജി.മധു അറിയിച്ചു.