കോട്ടയം: തകരാൻ ഒരു തരി പോലും ഇനി ബാക്കിയില്ല. വർഷം കുറെ ആയി ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്. അതും നഗരമധ്യത്തിലെ ഒരു റോഡ്.
കോടിമത മുപ്പായിപ്പാടം റോഡ് യാത്രക്കാർക്കും പ്രദേശ വാസികൾക്കും സമ്മാനിക്കുന്നത് ചെറിയ ദുരിതമല്ല.
എം.സി റോഡിൽ നിന്ന്മ ണിപ്പുഴ പാലം ചുറ്റാതെ മുപ്പായിപ്പാടത്തേയ്ക്കും ബൈപ്പാസ് റോഡിലേയ്ക്കും എത്തിച്ചേരാനുള്ള എളുപ്പമാർഗം കൂടിയാണിത്. തകർന്നു തരിപ്പണമായി കിടക്കുന്നതു മൂലം ഓട്ടോറിക്ഷ പോലും ഇതുവഴി പോകാറില്ല. എം.സി റോഡിൽ തടസ്സം നേരിടുന്ന സമയത്ത് കോട്ടയം ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ ഇതുവഴിയാണ് കടത്തിവിട്ടിരുന്നത്. റോഡിൽ ചെറുതും വലുതുമായ കുഴികളും മെറ്രിലും നിറഞ്ഞ നിലയിലാണ്.
@വഴിവിളക്കില്ല, മാലിന്യം നിക്ഷേപ കേന്ദ്രം
റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയായാൽ ഇവിടം ഇരുട്ടിന്റെ പിടിയിലാണ്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവും. റോഡിന് ഇരുവശങ്ങളും പാടശേഖരങ്ങളും കാട് പിടിച്ചു കിടക്കുന്ന ഭാഗങ്ങളും ഇവിടെയേറെയാണ്.
ഇത് മാലിന്യം തള്ളുന്നതിനും ഇടയാക്കുന്നു.
@ഓട്ടോറിക്ഷ സവാരിയില്ല
മുപ്പായിപാടം നിവാസികൾക്ക് വേഗത്തിൽ എം.സി റോഡിലേയ്ക്ക് പോകാൻ സാധിക്കുന്ന റോഡാണിത്. എന്നാൽ ഓട്ടോറിക്ഷ ഇതുവഴി സർവ്വീസ് നടത്താറില്ല. റോഡിന്റെ ശോച്യാവസ്ഥ അറിയാതെ എത്തുന്ന ഇരുചക്രവാഹനങ്ങൾ മാത്രമാണ് ഈ റോഡ് ഉപയോഗിക്കുന്നത്. ഇടക്കാലത്ത് റോഡിന്റെ ഒരു ഭാഗം മാത്രം ടാർ ചെയ്തിരുന്നെങ്കിലും പൂർണ്ണമായും സഞ്ചാരയോഗ്യമല്ല. റോഡ് റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.
@
2011 മുതൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്. അന്ന് മുതൽ റോഡിന്റെ അവസ്ഥ ഇത് തന്നെയാണ്. റോഡിലൂടെ ഒരു തവണ പോയാൽ, വാഹനത്തിന് കേടുപാടുകൾ സംഭവിച്ച് ഇരട്ടി നഷ്ടത്തിന് ഇടയാക്കുകയാണ്.
(ടി.സി റെജി ഓട്ടോറിക്ഷ ഡ്രൈവർ).