പാലാ: വീടിന്റെ കക്കൂസിന് മേലേയ്ക്ക് റബർ കമ്പ് ഒടിഞ്ഞുവീണത് വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട അയൽവാസിയെ വാക്കത്തിക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നീണ്ട 18 വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം പ്രതികൾ ജയിലിലേക്ക്.

പാലാ മുത്തോലി പടിഞ്ഞാറ്റിൻകര തിരുവേലിക്കൽ ജംഗ്ഷനിൽ പിറവിക്കോട്ട് രാജപ്പൻ കൊല്ലപ്പെട്ട കേസിലെ പ്രതികളെയാണ് ജയിലിൽ അടയ്ക്കുന്നത്.

2004ലായിരുന്നു കേസിനാസ്പദമായ സംഭവം. രാജപ്പന്റെ അയൽവാസികളായ കളരിക്കൽ പീറ്റർ, ഇയാളുടെ സഹോദരങ്ങളായ സ്റ്റീഫൻ, ജോണി, മേരി എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ ഒന്നാം പ്രതിയായ പീറ്റർ നേരത്തെ മരണമടഞ്ഞിരുന്നു.

തന്റെ വീടിന്റെ മുകളിലേക്ക് ചാഞ്ഞുനിന്ന പീറ്ററിന്റെ പുരയിടത്തിലെ റബർമരം വെട്ടിമാറ്റണമെന്ന് രാജപ്പൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പീറ്റർ ഇതിന് തയാറായില്ല. ഇതിനിടെ റബർമരം ഒടിഞ്ഞ് രാജപ്പന്റെ വീടിന് മേലേയ്ക്ക് പതിക്കുകയും ആസ്ബസ്റ്റോസ് ഷീറ്റിട്ട കക്കൂസ് തകരുകയും ചെയ്തു.

തുടർന്ന് മരം വെട്ടിമാറ്റാനെത്തിയ പീറ്ററും രാജപ്പനുമായി വാക്കുതർക്കമുണ്ടായി.

രാത്രിയോടെ പീറ്ററും സഹോദരങ്ങളും വീട്ടിൽ അതിക്രമിച്ചുകയറി രാജപ്പനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

കിടങ്ങൂർ പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ കോട്ടയം സെഷൻസ് കോടതി ഒന്നാംപ്രതി പീറ്ററെ ഏഴ് വർഷവും മറ്റ് പ്രതികളെ അഞ്ച് വർഷം വീതവും കഠിന തടവിന് ശിക്ഷിച്ചു. എന്നാൽ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിൽ കഴിഞ്ഞു. ഇതിനിടയിലാണ് ഒന്നാം പ്രതി പീറ്റർ മരിച്ചത്.

നിലവിലുള്ള പ്രതികൾ ഒരു വർഷം ജയിൽശിക്ഷ അനുഭവിക്കണമെന്നും പ്രതികളെല്ലാവരും 75000 രൂപാവീതം പിഴയടയ്ക്കണമെന്നും ഇതിൽ ഒരു ലക്ഷം രൂപാ രാജപ്പന്റെ വിധവയ്ക്ക് നൽകണമെന്നും ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ അനുവദിച്ചില്ല.

ആദ്യഘട്ടത്തിൽ പൊലീസ് പ്രതികളെ പിടകൂടാൻ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ പാലാ ഡി.വൈ.എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജയിലിടയ്ക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് രാജപ്പന്റെ മകൻ വിനോദ് പറഞ്ഞു.