
അടിമാലി . ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡിനെത്തിയ പൊലീസ് ലഭിച്ചത് വന്യമൃഗങ്ങളുടെ കൊമ്പുകൾ ഉൾപ്പെടെ ഒരു ലക്ഷത്തിലേറെ രൂപ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ വനം വകുപ്പിന് കൈമാറി. പൊലീസ് നർകോട്ടിക്‌സെൽ അധികൃതർ വെള്ളത്തൂവൽ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വന്യ മൃഗങ്ങളുുടെ കൊമ്പുകളുമായി തോക്കുപാറ കാണ്ടിയാം പാറ തെക്കേ കുന്നേൽ ജോസ് ടി തോമസ് (54) അറസ്റ്റിലായത്.ഇയാളുടെ വീട്ടിൽ ചൂതാട്ടം നടക്കുന്നുണ്ടെന്ന് ഇടുക്കി നർകോട്ടിക് ഡി വൈ .എസ് .പി എ.ജി. ലാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടന്നത്. ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന 15 അംഗ സംഘത്തിൽ 5 പേർ ഓടി രക്ഷപ്പെട്ടു. 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മാൻ, കേഴ. വരയാട് തുടങ്ങിയ വന്യ മൃഗങ്ങളുടെ കൊമ്പ് കണ്ടെടുത്തത്. അറസ്റ്റിലായ പ്രതിയെ വനം വകുപ്പിന് കൈമാറി. ഇയാൾക്ക് മന്യമൃഗങ്ങളുടെ കൊമ്പ് ലഭിച്ചതു സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.