
തലയോലപ്പറമ്പ് : പാലാംകടവിലെ സുൽത്താന്റെ തണലിലെ അഞ്ചുമണിക്കാറ്റ് വിശ്രമ കേന്ദ്രം 19 ന് വൈകിട്ട് നാടിന് സമർപ്പിക്കും. വിശ്രമ കേന്ദ്രത്തിന്റെ അവസാന മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. 19 ന് വൈകിട്ട് 4 ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യും. തിരുവതാംകൂർ രാജ്യത്തിലെ ദിവാനായിരുന്ന വേലുത്തമ്പി ദളവ 1800 കളുടെ തുടക്കത്തിൽ സ്ഥാപിച്ച മൂന്നു ചന്തകളിലൊന്നാണ് തലയോലപ്പറമ്പ് ചന്ത. ഈ ചന്തയിലേക്കുള്ള ചരക്കുകൾ വലിയ കേവു വള്ളത്തിലാണ് മൂവാറ്റുപുഴയാറിന്റെ തീരത്തെ പാലാംകടവിൽ എത്തിച്ചിരുന്നത്. നോക്കെത്താ ദൂരത്തോളം വള്ളങ്ങൾ ചരക്കുമായി കടവിലടുപ്പിക്കാൻ കാത്തു കിടന്നിരുന്നതിനാൽ ഒരു ചെറു തുറമുഖത്തിന്റെ ഖ്യാതിയാണ് അന്ന് പാലാംകടവിനുണ്ടായിരുന്നത്. പാലാംകടവിലേക്ക് ചരക്കുമായി വള്ളങ്ങളിൽ വരുന്നവർക്ക് ദിശ കാട്ടിയിരുന്നത് പാലാംകടവിലെ വിളക്കുമരമായിരുന്നു. വൈക്കം മുഹമ്മദ്ബഷീറിന്റെ മുച്ചിട്ടു കളിക്കാരന്റെ മകൾ അടക്കം ഒട്ടുമിക്ക കഥകളുടെ പശ്ചാത്തലമായിരുന്നു പാലാംകടവ്. പുഴയോര വിശ്രമകേന്ദ്രമായി വികസിപ്പിക്കുന്ന സംരംഭത്തിന് ബ്ലോക്ക് ഗ്രാമ, പഞ്ചായത്ത് അധികൃതരാണ് സുൽത്താന്റെ തണലിലെ അഞ്ചു മണിക്കാറ്റെന്ന് പേര് നൽകിയത്.
പദ്ധതി ചെലവ് 10 ലക്ഷം
പത്തു ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. കൂടാതെ നാട്ടുകാരും സുമനസുകളും സഹായ സഹകരണങ്ങളുമായി രംഗത്തെത്തി. വിശ്രമകേന്ദ്രത്തെ പ്രകാശമാനമാക്കാൻ ഷാജി മഠത്തിൽപ്പറമ്പിൽ ,കായി സുറിമി എന്നിവർ സോളാർ ലൈറ്റുകൾ വാങ്ങി നൽകി. നിയാസ് നൻമിറ്റം, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ്, സിൽവർ ലൈൻ ഏജൻസി തുടങ്ങിയ സ്ഥാപനങ്ങൾ ചാരുബെഞ്ചുകൾ നിർമ്മിച്ച് നൽകും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമ്മ വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജി മോൾ എന്നിവർ രക്ഷാധികരികളായുള്ള പാലാംകടവ് സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ പി.ഐ.സജിത്ത്, ജലദാസ് കാക്കനാട്ട്, സക്കീർ , തലയോലപറമ്പ് പഞ്ചായത്ത് അംഗം അഞ്ജു ഉണ്ണികൃഷ്ണൻ , തങ്കപ്പൻ , കുട്ടൻ കാരുവള്ളി തുടങ്ങിയവരുമൊപ്പമുണ്ട്.