cpi

കോട്ടയം : ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞ് സി.പി.എം സംസ്ഥാന സമ്മേളത്തിലേക്ക് കടക്കുമ്പോൾ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമിട്ട് ജില്ലയിൽ കരുത്ത് തെളിയിക്കാൻ സി.പി.ഐ. 556ബ്രാഞ്ച് സമ്മേളനങ്ങളാണ് നടന്നു വരുന്നത്. തുടർന്ന് 97 ലോക്കൽ സമ്മേളനങ്ങളും, 11 മണ്ഡലം സമ്മേളനങ്ങളും നടക്കും. ആഗസ്റ്റ് 6 മുതൽ 8 വരെ ഏറ്റുമാനൂരിൽ ജില്ലാ സമ്മേളനവും, തുടർന്ന് തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനവും, വിജയവാഡയിൽ പാർട്ടി കോൺഗ്രസും നടക്കും. 15 മുതൽ 25 വരെ അംഗങ്ങൾ മാത്രമുള്ള ബ്രാഞ്ച് സമ്മേളനങ്ങളിൽ സംസ്ഥാന കൗൺസിൽ തീരുമാനപ്രകാരം ഉന്നത നേതാക്കളും പങ്കെടുക്കുന്നുണ്ട്.

കേരളകോൺഗ്രസ് (എം) വരവ് പ്രധാന ചർച്ച

ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് (എം) പുതിയ ഘടകകക്ഷിയായി വന്നതോടെ മുന്നണിയിൽ തങ്ങളുടെ പ്രാധാന്യം കുറയ്ക്കാൻ ശ്രമം നടക്കുന്നുവെന്ന പരാതി ചില പ്രദേശങ്ങളിൽ പാർട്ടി അണികൾക്കുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിന് വിട്ടു കൊടുക്കേണ്ടി വന്നതിന്റെ മുറുമുറുപ്പും സി.പി.എമ്മിന്റെ വല്യേട്ടൻ മനോഭാവവുമെല്ലാം ചർച്ചയാകുമെന്നാണ് കരുതുന്നത്.

11000 പാർട്ടി അംഗങ്ങളാണ് ജില്ലയിൽ സി.പി.ഐയ്ക്ക് നിലവിലുള്ളത്. മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയാകുമ്പോൾ അത് 12000 ആയി വർദ്ധിക്കും. മൂന്നു വർഷത്തിനുള്ളിൽ പാർട്ടിയും ബഹുജന സംഘടനകളും ഏറെ വളർച്ച നേടി. മറ്റു പാർട്ടികളിൽ നിന്ന് നിരവധി പേർ വരുന്നുണ്ട്. യുവാക്കൾക്ക് പാർട്ടിയിൽ അർഹമായ പ്രാതിനിധ്യം നൽകി. സി.പി.എം - സി.പി.ഐ തർക്കം ഒരിടത്തുമില്ല.

-സി.കെ.ശശിധരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി